എറണാകുളം- ആലുവ മുപ്പത്തടത്ത് രണ്ട് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. മുപ്പത്തടം സ്വദേശി സുകുമാരന്‍, ബംഗാള്‍ സ്വദേശി ഇനാമുല്‍ ഹഖ് എന്നിവര്‍ക്കാണ് കുറുക്കന്റെ കടിയേറ്റത്. വളര്‍ത്തുനായയെ ആക്രമിക്കാനെത്തിയ കുറുക്കനാണ് ഇരുവരെയും കടിച്ചത്. വീട്ടുവളപ്പില്‍ നില്‍ക്കുകയായിരുന്ന സുകുമാരനെയാണ് ആദ്യം ആക്രമിച്ചത്. വീട്ടിലെ വളര്‍ത്തുനായയെ ആക്രമിക്കാനെത്തിയ കുറുക്കന്റെ ശബ്ദം കേട്ട് പുറത്തിറങ്ങിയതായിരുന്നു സുകുമാരന്‍.
ശേഷം റോഡിലേക്കിറങ്ങിയ കുറുക്കന്‍ മറുവശം നില്‍ക്കുകയായിരുന്ന അതിഥി തൊഴിലാളിയെയും കടിക്കുകയായിരുന്നു. ഇരുവരെയും കളമശേരി മെഡിക്കല്‍ കോളേജിലെത്തിച്ച് പ്രതിരോധ വാക്‌സിന്‍ നല്‍കി. കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ 11 വാര്‍ഡിലും പരിസരങ്ങളിലും കുറുനരി ശല്യമുണ്ടെങ്കിലും ആളുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നത് ഇതാദ്യമാണെന്ന് നാട്ടുകാര്‍ പറയുന്നു.