നാശം തിട്ടപ്പെടുത്തുന്നതിനു പ്രത്യേക സംഘത്തെ നിയോഗിക്കും
കൽപറ്റ- വയനാട്ടിൽ കാലവർഷെക്കെടുതിയിൽ കൃഷി നാശിച്ചവർക്കു അടിയന്തര സഹായം നൽകുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് ഉറപ്പുനൽകിയതായി ടി. സിദ്ദീഖ് എം.എൽ.എ. മന്ത്രിയെ നേരിൽക്കണ്ട് നിവേദനം നൽകിയപ്പോഴാണ് ഈ ഉറപ്പു ലഭിച്ചതെന്നു എം.എൽ.എ പറഞ്ഞു. ജില്ലയിൽ പ്രകൃതിക്ഷോഭത്തിൽ ഉണ്ടായ കൃഷിനാശം തിട്ടപ്പെടുത്തുന്നതിനു പ്രത്യേക സംഘത്തെ നിയോഗിക്കും.
ജില്ലയിൽ കാറ്റിലും മഴയിലും 150 ൽ അധികം ഹെക്ടറിലാണ് കൃഷിനാശം. വാഴക്കൃഷിയാണ് കൂടുതലും നശിച്ചത്. 98.06 ഹെക്ടറിൽ വാഴക്കൃഷി നശിച്ചതായാണ് ഏകദേശ കണക്ക്. രണ്ടര ലക്ഷത്തോളം കുലച്ചതും 45,000 ഓളം കുലയ്ക്കാത്തതുമായ വാഴകളാണ് നശിച്ചത്. 14.01 കോടി രൂപയുടെ നഷ്ടമാണ് ഇതുമൂലം കണക്കാക്കുന്നത്. തെങ്ങ്, റബർ, അടയ്ക്ക, കാപ്പി, കുരുമുളക്, ഇഞ്ചി, നെല്ല് തുടങ്ങിയ കൃഷികൾക്കും നാശം ഉണ്ടായി. മിക്ക കർഷകരും ബാങ്കുകളിൽനിന്നു വായ്പയെടുത്താണ് കൃഷിയിറക്കിയത്. പ്രകൃതിക്ഷോഭത്തിലെ കൃഷിനാശം കർഷകരെ വലിയ പ്രയാസത്തിലാക്കി. ഇക്കാര്യങ്ങൾ വിശദീകരിക്കുന്നതായിരുന്നു നിവേദനം.