തിരുവനന്തപുരം- അധിക്ഷേപ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ തള്ളി എം.എം.മണി എംഎല്‍എ. ഒരുത്തന്റെയും മാപ്പും വേണ്ട, കോപ്പും വേണ്ട. കയ്യില്‍ വെച്ചേരെ എന്ന് എം.എം.മണി ഫേസ്ബുക്കില്‍ കുറിച്ചു. ഇവിടെ നിന്നും തരാനൊട്ടില്ല താനും എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. കെ.കെ.രമയ്‌ക്കെതിരെയുള്ള പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കൂടി വ്യക്തമാക്കുന്നതാണ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് .
എം.എം.മണിക്ക് ചിമ്പാന്‍സിയുടെ മുഖമാണെന്നായിരുന്നു കെ.സുധാകരന്‍ എംപി പരിഹാസം. യഥാര്‍ത്ഥ മുഖമല്ലേ ഫ്‌ലെക്‌സില്‍ കാണിക്കാന്‍ പറ്റു. മുഖം ചിമ്പാന്‍സിയെ പോലെ ആയതില്‍ സൃഷ്ടാവിനോട് പരാതിപ്പെടണം. കോണ്‍ഗ്രസ് എന്ത് പിഴച്ചെന്നും കെ.സുധാകരന്‍ പറഞ്ഞു.
ചിമ്പാന്‍സിയുടെ ഉടലില്‍ എം.എം.മണിയുടെ തല വച്ചുള്ള മഹിളാ കോണ്‍ഗ്രസ് പ്രതിഷേധത്തെ കെപിസിസി അധ്യക്ഷന്‍ പിന്തുണച്ചു. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഖേദം പ്രകടിപ്പിച്ചത് അന്തസുള്ളത് കൊണ്ട്. എം.എം.മണിക്ക് തറവാടിത്തമില്ലെന്നും സുധാകരന്‍ പറഞ്ഞു.
നിയമസഭയിലേക്കാണ് മഹിളാ കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. മണിയുടെ മുഖചിത്രം ആള്‍കുരങ്ങിന്റെ ചിത്രത്തോട് ചേര്‍ത്തുവച്ചായിരുന്നു മാര്‍ച്ച്. കെ.കെ.രമയെ അധിക്ഷേപിച്ചതില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സംഭവം വിവാദമായതോടെ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഖേദം പ്രകടിപ്പിച്ചു.
കെ.സുധാകരന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ അദ്ദേഹം പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. പെട്ടെന്നുണ്ടായ ക്ഷോഭത്തില്‍ ചിന്തിക്കാതെ പറഞ്ഞുപോയതാണ്. തെറ്റിനെ തെറ്റായി കാണുന്നുവെന്നും ന്യായീകരിക്കാനില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.