കൊച്ചി- ജമ്മുവിലെ കതുവയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപമാനിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട കൊച്ചി സ്വദേശിയും ആര്‍.എസ്.എസ് നേതാവുമായ വിഷ്ണു നന്ദകുമാറിനെതിരെ ജാമ്യമില്ലാക്കുറ്റത്തിന് കേസെടുത്തു. 163 എ പ്രകാരം മതസ്പര്‍ധ വളര്‍ത്താനായി പ്രവര്‍ത്തിച്ചതിനു കൊച്ചി പനങ്ങാട് പോലീസാണു കേസെടുത്തത്. 'ഇവളെ ഇപ്പോഴേ കൊന്നത് നന്നായി. അല്ലെങ്കില്‍ നാളെ ഇന്ത്യയ്‌ക്കെതിരെ തന്നെ ബോംബായി വന്നേനേ..' എന്നായിരുന്നു ഇയാളുടെ ഫേസ്ബുക്ക് കമന്റ്. മനുഷ്യത്വ ഹീനമായ പരാമര്‍ശത്തിനിതെരെ സമൂഹമാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തിയതോടെ പ്രതിഷേധം വ്യാപിച്ചു. തുടര്‍ന്ന് വിഷ്ണു നന്ദകുമാറിനെ അദ്ദേഹം ജോലി ചെയ്യുന്ന കോടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ് ജോലിയില്‍നിന്നു പിരിച്ചു വിട്ടു. പിന്നാലെ ഇയാള്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ ഡിആക്ടിവേറ്റ് ചെയ്തു.
ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്റെ സഹോദരനും ആര്‍.എസ്.എസ് നേതാവുമായ ഇ.എന്‍. നന്ദകുമാറിന്റെ മകനാണ് വിഷ്ണു നന്ദകുമാര്‍. നാഷനല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവും രാജ്യാന്തര പുസ്തകോത്സവ സമിതി കണ്‍വീനറുമാണ് ഇ.എന്‍. നന്ദകുമാര്‍.