നിലമ്പൂർ- അബുദാബിയിൽ കൊല ചെയ്യപ്പെട്ട കോഴിക്കോട് കുറുപ്പൻതൊടിക മലയമ്മ തത്തമ്മപറമ്പിൽ ഹാരിസിന്റെ മാതാവ് സാറാബി, സഹോദരി ഹാരിഫ എന്നിവർ തിങ്കളാഴ്ച നിലമ്പൂർ പോലീസ് സറ്റേഷനിലെത്തി. വിദേശത്തായിരുന്ന സാറാബിയുടെ മകൻ ഹാരിസിന്റെ കൊലയാളികളെന്നു സംശയിക്കുന്ന പ്രതികളെ നിലമ്പൂർ പോലീസ് അറസ്റ്റു ചെയ്തുവെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തിങ്കളാഴ്ച വൈകുന്നേരം ആറു മണിയോടെ സ്റ്റേഷനിൽ എത്തിയത്. പ്രതികൾക്കു മുന്നിൽ അവർ പൊട്ടിക്കരഞ്ഞു. മൈസൂരുവിലെ നാട്ടുവൈദ്യനായ ഷാബാ ഷെരീഫിനെ കൊല ചെയ്ത നിലമ്പൂർ മുക്കട്ട സ്വദേശി ഷൈബിൻ അഷ്റവും സംഘവുമാണ് ഹാരിസിനെ അബുദാബിയിൽ കൊല ചെയ്തതെന്നു പ്രതികൾ പോലീസിനു മൊഴി നൽകിയതായാണ് സൂചന. നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്ത ചന്തക്കുന്ന് സ്വദേശികളായ കുത്രാടൻ അജ്മൽ, പൂളകുളങ്ങര ഷബീബ് റഹ്് മാൻ, ചീര ഷെഫീഖ് എന്നിവരെ കാണാനാണ് വാർത്തയറിഞ്ഞ് ഇവരെത്തിയത്. തന്റെ മകൻ ഒരിക്കലും ആത്മഹത്യചെയ്യില്ലെന്നു ഉറപ്പുണ്ടായിരുന്നതായി മാതാവ് സാറാബി പറഞ്ഞു. ഷൈബിൻ അഷ്റഫിന്റെ നേതൃത്വത്തിൽ 13 അംഗ സംഘം ഹാരിസ് മരിക്കുന്നതിനു മുമ്പു വീട്ടിൽ വന്നു ഭീഷണിപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച് കുന്നമംഗലം പോലീസിലും മുഖ്യമന്ത്രിക്കും ഹാരിസ് മരിക്കുന്നതിനു മുമ്പു തന്നെ പരാതി നൽകിയിരുന്നു. 2020 മാർച്ച് അഞ്ചിനാണ് ഹാരിസ് ആത്മഹത്യ ചെയ്തുവെന്നു വിവരം ലഭിച്ചത്. തലേ ദിവസവും അബുദാബിയിൽ നിന്നു വിളിച്ച് ഉമ്മയ്ക്ക് എന്താണ് കൊണ്ടുവരണ്ടേതെന്നു ചോദിച്ചിരുന്നു. തന്റെ മകനെ കൊന്നത് ഷൈബിൻ അഷ്റഫിന്റെ നിർദേശ പ്രകാരമാണ്. മകന്റെ മരണവാർത്ത അറിഞ്ഞ വിഷമത്തിലാണ് ഭർത്താവ് ബീരാൻകുട്ടി മരിച്ചതെന്നും സാറാബി പറഞ്ഞു. മകന്റെ കൊലയാളികൾക്കു പരമാവധി ശിക്ഷ വാങ്ങി കൊടുക്കുകയാണ് തന്റെ ജീവിതത്തിലെ ഏക ലക്ഷ്യമെന്നും അവർ പറഞ്ഞു. കേസന്വേഷിച്ച പോലീസുകാർക്കു അവർ നന്ദി അറിയിച്ചു.
തന്റെ സഹോദരൻ ആത്മഹത്യ ചെയ്യില്ലെന്നു ഉറപ്പു ഉണ്ടായിരുന്നുവെന്നു സഹോദരി ഹാരിഫ പറഞ്ഞു. ഷൈബിൻ അഷ്റഫിന്റെ മുഖ്യബിസിനസ് പങ്കാളിയായിരുന്നു ഹാരിസ്. ഇയാൾക്കൊപ്പം മാനേജരായിരുന്ന യുവതിയെയും ഷൈബിൻ അഷ്റഫിന്റെ നിർദേശപ്രകാരം ഇവർ കൊല ചെയ്തിരുന്നതായാണ് സൂചന.