തിരുവനന്തപുരം- വിരമിക്കാന്‍ മൂന്നു മാസം ശേഷിക്കേ ജയില്‍ മേധാവി ഡി.ജി.പി സുധേഷ് കുമാറിനെതിരേ സര്‍ക്കാര്‍ അച്ചടക്ക നടപടിക്കൊരുങ്ങുന്നു. സീനിയര്‍ ഡി.ജി.പിയായ സുധേഷ് കുമാറിനെ അഖിലേന്ത്യ സിവില്‍ സര്‍വീസ് ചട്ടപ്രകാരം സസ്‌പെന്‍ഡ് ചെയ്യുമെന്നു സൂചന.
അനുമതിയില്ലാതെ വിദേശയാത്ര നടത്തി, നെക്‌ളേസ് വിവാദം, വിജിലന്‍സ് ഡയറക്ടറായിരിക്കവേ സഹപ്രവര്‍ത്തകര്‍ക്കെതിരേ കള്ളക്കേസ് എടുക്കല്‍ തുടങ്ങി നിരവധി ആരോപണങ്ങള്‍ സുധേഷിനെതിരേ ഉയര്‍ന്നിരുന്നു. ആരോപണങ്ങള്‍ നിലനില്‍ക്കുന്നതാണെന്നും പോലീസ് അന്വേഷണം വേണമെന്നും വിജിലന്‍സ് അഡീ. സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണസമിതി ശിപാര്‍ശ ചെയ്തതിനെത്തുടര്‍ന്നാണു നടപടിക്കു നീക്കം.
റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. സസ്‌പെന്‍ഷനും വകുപ്പ് തല അന്വേഷണവും അര്‍ഹിക്കുന്ന കുറ്റങ്ങളാണ് സുധേഷിന്റേതെന്നു ഉന്നതതല സമിതി വിലയിരുത്തി. ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. ഒക്‌ടോബറില്‍ സുധേഷ് വിരമിക്കും.
ഖത്തറില്‍ വ്യവസായിയായ കോഴിക്കോട് സ്വദേശിയുടെ ആതിഥ്യം സ്വീകരിച്ച്, സര്‍ക്കാരിന്റെ അനുമതി തേടാതെ ചൈനായാത്ര നടത്തിയത് അഖിലേന്ത്യാ സര്‍വീസ്ചട്ടങ്ങളുടെ ലംഘനമാണെന്ന് അന്വേഷണ സമിതി കണ്ടെത്തി.
വിജിലന്‍സ് മേധാവി ആയിരിക്കെ തലസ്ഥാനത്തെ പ്രമുഖ ജുവലറിയില്‍നിന്ന് 95 ശതമാനം ഡിസ്‌കൗണ്ട് തരപ്പെടുത്തി ഏഴുപവന്‍ നെക്ലേസ് വാങ്ങിയെടുത്ത സംഭവത്തിലും നടപടിയുണ്ടാകും.