Sorry, you need to enable JavaScript to visit this website.

അടിവസ്ത്രം അഴിച്ചുവെപ്പിച്ച സംഭവം കേന്ദ്രത്തെ രേഖാമൂലം അറിയിക്കും- മന്ത്രി ബിന്ദു

തിരുവനന്തപുരം- നീറ്റ് പരീക്ഷക്ക് എത്തിയ പെണ്‍കുട്ടിയെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവം നിരുത്തരവാദപരമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. സംഭവത്തില്‍ രേഖാമൂലം പരാതി അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. മനുഷ്യാവകാശത്തെ കുറിച്ച് ചിന്തിക്കാതെ പെണ്‍കുട്ടികളോട് പെരുമാറിയത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. നീറ്റ് പരീക്ഷ നടത്തുന്നത് നാഷണല്‍ ടെസ്റ്റിംഗ്് ഏജന്‍സി എന്ന സംവിധാനമാണ്. അവര്‍ നിയോഗിച്ച ഒരു വനിതാ ഉദ്യോഗസ്ഥയാണ് ഇത്തരത്തില്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയത്.

ഇത് കുട്ടികള്‍ക്ക് വളരെയധികം മാനസിക പ്രശ്‌നമുണ്ടാക്കിയിട്ടുണ്ട്. വിഷയത്തിലെ അതൃപ്തി കേന്ദ്രസര്‍ക്കാരിനയും അറിയിച്ചിട്ടുണ്ട്. വിഷയം പരീക്ഷ സംഘടിപ്പിക്കുന്ന വിഭാഗത്തേയും അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. കൊല്ലം ആയൂരിലെ സെന്ററില്‍ പരീക്ഷ എഴുതിയ ശൂരനാട് സ്വദേശിനിയായ 18 കാരിക്കാണ് മോശം അനുഭവമുണ്ടായത്. ഇതേ സെന്ററില്‍ പരീക്ഷയെഴുതിയ നിരവധി പെണ്‍കുട്ടികള്‍ക്കും സമാനമായ അനുഭവമുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശൂരനാട് സ്വദേശിയായ പെണ്‍കുട്ടി റൂറല്‍ എസ്.പിക്ക് പരാതി നല്‍കി.

പെണ്‍കുട്ടി പരീക്ഷ എഴുതാനായി സെന്ററിന്റെ ഗേറ്റ് കടന്നപ്പോള്‍ ഒരു ഉദ്യോഗസ്ഥ കുട്ടിയെ തടഞ്ഞുനിര്‍ത്തി സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിച്ചു. അടിവസ്ത്രം മുഴുവന്‍ ഊരി വെക്കണമെന്ന് വിദ്യാര്‍ഥിനിയോട് ആവശ്യപ്പെടുകയും ചെയ്തു. 18 വയസ്സുള്ള കുട്ടിക്ക് ഇത് മാനസികമായി ഉള്‍ക്കൊള്ളാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞുവെന്നും തുടര്‍ന്ന് ഉദ്യോഗസ്ഥ മോശമായി സംസാരിക്കുകയായിരുന്നുവെന്നും രക്ഷിതാവ് പറഞ്ഞു.

 

Latest News