കാസർകോട് - വീട്ടിൽ ഭാര്യ ഇല്ലാത്ത സമയത്ത് സ്ത്രീയെ വിളിച്ചു വരുത്തിയെന്നാരോപിച്ച് ഓട്ടോ ഡ്രൈവറെ മർദിച്ച സംഭവത്തിൽ കുമ്പള പോലീസ് അറസ്റ്റ് ചെയ്ത നാല് പ്രതികളെ കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
കുമ്പള കയ്യാർ കെ.കെ പുറം കണ്ടച്ചാൽ കട്ട ഹൗസിൽ മുഹമ്മദ് യൂനുസ് (20), കണ്ണാട്ടിപ്പാറ കെ.കെ നഗറിൽ ബൈത്തുൽ അമീൻ മുഹമ്മദ് ഷമ്മാസ് (22), കുബന്നൂർ കെദക്കാറിലെ ബളപ്പ് ഹൗസിൽ ബി.എം.മുഹമ്മദ് ഷമൂൽ (20), കണ്ണാട്ടിപ്പാറ ഷിഫാ മൻസിൽ മുഹമ്മദ് അഷ്റഫ് (19) എന്നിവരെയാണ് കുമ്പള എസ്.ഐ പിവി ശിവദാസനും സംഘവും അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. കേസിൽ മുസ്തഫ, നസീർ എന്നിവർ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.
ജനുവരി 26ന് രാത്രി ഏഴര മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കുബന്നൂർ കെദക്കാറിലെ ഓട്ടോ ഡ്രൈവറായ ഉസ്മാന്റെ മകൻ നൗഷാദ് (28) ആണ് ആറംഗ സംഘത്തിന്റെ മർദനത്തിനിരയായത്. വാടകക്ക് താമസിക്കുന്ന വീട്ടുമുറ്റത്ത് ഓട്ടോറിക്ഷ കഴുകുകയായിരുന്ന നൗഷാദിനെ മാരകായുധങ്ങളുമായി എത്തിയ സംഘം വീട്ടിനുള്ളിലേക്ക് പിടിച്ചു കൊണ്ടുപോയി വധിക്കാൻ ശ്രമിക്കുകയായിരുന്നു. ഭാര്യ വീട്ടിലില്ലാത്ത നേരത്ത് ഏതോ യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി എന്നാരോപിച്ചാണ് സംഘം മർദിച്ചത്. ഓട്ടോറിക്ഷ തകർത്ത സംഘം വീടിനുള്ളിലുണ്ടായിരുന്ന ടി.വിയും മറ്റു സാധനങ്ങളും അടിച്ചു പൊളിച്ചു. ആളുകൾ ഓടിക്കൂടുമ്പോഴേക്കും അക്രമി സംഘം രക്ഷപ്പെട്ടിരുന്നു. വീട്ടിൽ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തിയതിനും നരഹത്യക്കും കേസ് രജിസ്റ്റർ ചെയ്ത കുമ്പള പോലീസ് പ്രതികളെ അന്വേഷിച്ചു വരികയായിരുന്നു. കുമ്പള ടൗണിന്റെ പരിസരത്ത് വെച്ചാണ് നാല് പേരെയും അറസ്റ്റ് ചെയ്തത്. പിടികിട്ടാനുള്ള രണ്ടു പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് സി.ഐ കെ.പ്രേംസദൻ പറഞ്ഞു.