Sorry, you need to enable JavaScript to visit this website.

അട്ടപ്പാടി മധു വധക്കേസില്‍ പന്ത്രണ്ടാം സാക്ഷിയും കൂറുമാറി

പാലക്കാട്- അട്ടപ്പാടി മധു വധക്കേസില്‍ പന്ത്രണ്ടാം സാക്ഷി വനം വകുപ്പ് വാച്ചര്‍ അനില്‍ കുമാര്‍ കൂറുമാറി. പോലീസ് നിര്‍ബന്ധത്തിന് വഴങ്ങിയാണ് നേരത്തെ രഹസ്യമൊഴി കൊടുത്തതെന്നും മധുവിനെ അറിയില്ലെന്നും അനില്‍ കുമാര്‍ കോടതിയില്‍ പറഞ്ഞു.

ഇതോടെ പ്രോസികൂഷ്യന്‍ സാക്ഷികളില്‍ മൂന്നുപേര്‍ കൂറുമാറി. പത്താം സാക്ഷി ഉണ്ണികൃഷ്ണന്‍, പതിനൊന്നാം സാക്ഷി ചന്ദ്രന്‍ എന്നിവരാണ് നേരത്തെ കൂറുമാറിയത്. പോലീസ് ഭീഷണിക്ക് വഴങ്ങിയാണ് ആദ്യം മൊഴി നല്‍കിയത് എന്നാണ് ഇരുവരും കോടതിയില്‍ വിശദീകരണം നല്‍കിയത്.
 
പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ചുമതലയേറ്റ ശേഷം ഇന്നാണ് സാക്ഷി വിസ്താരം പുന:രാരംഭിച്ചത്. അഡ്വ. രാജേഷ് എം. മേനോനാണ് അട്ടപ്പാടി മധു കേസിലെ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍.

2018 ഫെബ്രുവരി 22നാണ് മധു ആള്‍ക്കൂട്ട മര്‍ദനത്തിരയായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 16 പ്രതികളാണുള്ളത്. കേസില്‍ വിചാരണ നീളുന്നതില്‍ മധുവിന്റെ കുടുംബം പ്രതിഷേധം വ്യക്തമാക്കിയിരുന്നു. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്നും രണ്ട് ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്തുവെന്നും കുടുംബം നേരത്തെ ആരോപിച്ചിരുന്നു. സംഭവം നടന്ന് നാല് വര്‍ഷം പിന്നിട്ടിട്ടും വിചാരണ നടപടികള്‍ ആരംഭിക്കാത്ത സാഹചര്യത്തിലാണ് കുടുംബം മുന്നോട്ടുവന്നത്.

Latest News