കൊച്ചി- കുടുംബശ്രീ മുഖാന്തരം വായ്പയെടുത്തതിന് ബാങ്ക് ജീവനക്കാരുടെയും ഇടനിലക്കാരുടെയും ഭീഷണി നേരിട്ട യുവതിക്ക് പോലീസിന്റെ കളിയാക്കല്‍. കുടുംബശ്രീയുടെ പേരില്‍ വായ്പാതട്ടിപ്പ് നടക്കുന്നുണ്ടെന്നും തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ നിരന്തരം ഭീഷണി നേരിടുന്നുണ്ടെന്നും പരാതിപ്പെട്ട യുവതിക്കാണ് പോലീസിന്റെ അവഹേളനവും സഹിക്കേണ്ടിവന്നത്. സംഭവത്തില്‍ യുവതി മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. അതേസമയം, പരാതി നല്‍കി നാലുദിവസം കഴിഞ്ഞിട്ടും യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല.
കുടുംബശ്രീ മുഖാന്തരം വായ്പയെടുത്ത പള്ളുരുത്തി ചെറിയ പഴയാറ്റ്പറമ്പില്‍ താമസിക്കുന്ന ദിലീപിന്റെ ഭാര്യ റസ്‌നയെ ബാങ്കുകാരുടെയും ഇടനിലക്കാരുടെയും ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബോധരഹിതയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് നിരന്തരമായി ഫോണിലൂടെയും നേരിട്ടും റസ്‌ന ഭീഷണി നേരിട്ടിരുന്നു. ബാങ്ക് മാനേജരും വായ്പയെടുത്ത് നല്‍കാന്‍ ഇടനില നിന്ന് കമ്മിഷന്‍ വാങ്ങിയവരുമാണ് ഭീഷണിപ്പെടുത്തിയത്. ഇതുസംബന്ധിച്ച് പള്ളുരുത്തി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തി മൊഴിയെടുക്കാന്‍ പോലീസ് തയ്യാറായില്ല. കഴിഞ്ഞ ദിവസമാണ് റസ്‌ന ആശുപത്രി വിട്ടത്.
ശനിയാഴ്ച റസ്‌നയെ ഒരു പോലീസുകാരന്‍ വിളിക്കുകയും ഞായറാഴ്ച സ്‌റ്റേഷനില്‍ എത്തി മൊഴി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സ്‌റ്റേഷനിലെത്തിയപ്പോള്‍ തലകറങ്ങി വീഴുന്നവരുടെ കേസ് എടുക്കാന്‍ പോയാല്‍ അതിനേ നേരമുണ്ടാകൂ എന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞെന്ന് റസ്‌ന മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. കൈക്കൂലി കൊടുക്കാതെ ബാങ്കില്‍ നിന്നും വായ്പ കിട്ടില്ലെന്നും കൈക്കൂലി കൊടുത്താണ് താനും വായ്പയെടുത്തതെന്നും ഈ ഉദ്യോഗസ്ഥന്‍ പറഞ്ഞെന്നും പരാതിയിലുണ്ട്.
പരാതിക്ക് നല്‍കിയ രസീതില്‍ ആദ്യം ആര്‍ക്കെതിരേയാണ് പരാതി എന്ന് രേഖപ്പെടുത്തിയില്ല. ഇത് ചൂണ്ടിക്കാണിച്ച് വീണ്ടും ചെന്നപ്പോള്‍ മാത്രമാണ് ആര്‍ക്കെതിരേയാണ് പരാതി എന്ന് രേഖപ്പെടുത്തിയത്. സി.പി.എം. പ്രവര്‍ത്തകയായ റസ്‌ന തനിക്കു നേരിട്ട ദുരനുഭവം പാര്‍ട്ടി പ്രാദേശിക നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.