കൊച്ചി- ജമ്മുവില്‍ എട്ടുവയസ്സുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തുകൊന്ന കേസിലെ പ്രതികളെ പിന്തുണയ്ക്കുകയും പെണ്‍കുട്ടിയെ ഫേസ്ബുക്കിലൂടെ അപമാനിക്കുകയും ചെയ്ത ആര്‍.എസ.്എസുകാരന്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്റെ സഹോദര പുത്രന്‍.
കൊച്ചി മരട് മണ്ഡലം കാര്യവാഹക് ആയ വിഷ്ണു നന്ദകുമാറാണ് മനുഷ്യത്വഹീനമായ പോസ്റ്റിട്ടത്. കോട്ടക് മഹീന്ദ്ര മാമംഗലം ബ്രാഞ്ചില്‍ അസിസ്റ്റ്ന്റ് മാനേജരായി ജോലി ചെയ്തിരുന്ന ഇയാളെ കമ്പനി ജോലിയില്‍നിന്ന് പുറത്താക്കി. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച അതിക്രൂരമായ സംഭവത്തില്‍ രാജ്യം ലജ്ജിച്ച് തലതാഴ്ത്തി നില്‍ക്കുമ്പോഴാണ് നരാധനന്മാരായ കൊലയാളികളെ അനുകൂലിച്ചും കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപമാനിച്ചും വിഷ്ണു നന്ദകുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പെണ്‍കുട്ടി കൊല ചെയ്യപ്പെട്ട വാര്‍ത്തയ്ക്ക് താഴെയായി, ഇവളെയെല്ലാം ഇപ്പോഴേ കൊന്നത് നന്നായി, അല്ലെങ്കില്‍ നാളെ ഇന്ത്യക്കെതിരേ ബോംബായി മാറുമെന്നായിരുന്നു പോസ്റ്റ്. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്റെ സഹോദനും ആര്‍എസ്എസ് നേതാവും നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗവും അന്താരാഷ്ട്ര പുസ്തകോത്സവ സമിതി കണ്‍വീനറുമായ ഇ.എന്‍ നന്ദകുമാറിന്റെ മകനാണ് വിഷ്ണു.
സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെ ഇയാള്‍ കോട്ടക് മഹീന്ദ്ര ബാങ്ക് മാമംഗലം അസി. മാനേജരാണെന്ന് കൂടി അറിഞ്ഞതോടെ കമ്പനിയുടെ എഫ്.ബി അക്കൗണ്ടില്‍ പൊങ്കാലയായിരുന്നു. ഇയാളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഹാഷ് ടാഗിട്ട് റേറ്റിംഗ് കുറച്ചതോടെ 4.5ല്‍ നിന്നിരുന്ന പേജ് 1.5 ആയി കൂപ്പ് കുത്തി. ബാങ്കിന് സമീപം പ്രതിഷേധ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. നിരവധി ഉപഭോക്താക്കള്‍ കോട്ടക് മഹീന്ദ്ര ബാങ്കുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നതായി അറിയിച്ചു. ഇതോടെ ബാങ്ക് അധികൃതര്‍ ഇയാളെ പുറത്താക്കിയതായി അറിയിച്ചു. ഇത്രയും വലിയ ദുരന്തത്തിലുണ്ടായ മോശം പരാമര്‍ശത്തില്‍ അപലപിക്കുന്നതായും കമ്പനി കുറിപ്പിലൂടെ അറിയിച്ചു. വിഷ്ണുവിനെ രണ്ട് ദിവസം മുമ്പ് തന്നെ പുറത്താക്കിയിരുന്നെന്നുവെന്നും കോട്ടക് മഹീന്ദ്ര ബാങ്ക് ഔദ്യോഗികമായി വിശദീകരിച്ചു, പെര്‍ഫോമന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ഏപ്രില്‍ 11ന് തന്നെ ഇയാളെ പുറത്താക്കിയിരുന്നുവെന്നും ബാങ്കിന്റെ ജീവനക്കാരും മുന്‍ജീവനക്കാരും ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ പറയുന്നതിനെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നുവെന്നും ബാങ്ക് വ്യക്തമാക്കി.