ആലുവ- കേരളത്തില്‍ മങ്കിപോക്‌സ് സ്ഥീരീകരിച്ച സാഹചര്യത്തില്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കി. രോഗലക്ഷണങ്ങളുള്ളവര്‍ വിമാനത്താവളത്തില്‍ എത്തുന്നുണ്ടോ എന്നറിയാന്‍ സ്‌ക്രീന്‍ ചെയ്യും. ഇതിനായി കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി. .
പ്രത്യേക സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ എല്ലാ വിമാനത്താവളങ്ങളിലെയും ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചിക്കന്‍ പോക്‌സിന് സമാനമായ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്കായി ജില്ലകളില്‍ ഉടന്‍ റാന്‍ഡം പരിശോധന ആരംഭിക്കും.
മങ്കിപോക്‌സ് ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിദേശത്തു നിന്നെത്തിയ കണ്ണൂര്‍ സ്വദേശിയെ പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്രവം വിദഗ്ധ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചു. ഗള്‍ഫില്‍ നിന്നും മംഗളൂരു വിമാനത്താവളം വഴിയാണ് ഇയാള്‍ കഴിഞ്ഞ ദിവസം എത്തിയത്. ഇപ്പോള്‍ ആശുപത്രിയില്‍ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷന്‍ മുറിയില്‍ നിരീക്ഷണത്തിലാണ്.
മങ്കിപോക്‌സ് സ്ഥിരീകരിച്ച വ്യക്തിക്കൊപ്പം വിമാനത്തില്‍ സഞ്ചരിച്ച കോട്ടയം സ്വദേശികളായ രണ്ടുപേര്‍ക്കു 21 ദിവസത്തേക്ക് വീട്ടില്‍ നിരീക്ഷണം നിര്‍ദേശിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍. പ്രിയ അറിയിച്ചു. രണ്ടുപേര്‍ക്കും മങ്കിപോക്‌സ് ലക്ഷണങ്ങള്‍ നിലവിലില്ല. എന്തെങ്കിലും ലക്ഷണം പ്രകടമായാല്‍ സാമ്പിള്‍ ശേഖരിച്ച് പൂനയിലേക്ക് അയയ്ക്കുമെന്ന് പ്രിയ അറിയിച്ചു. ജില്ലയില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാതല ദ്രുതകര്‍മ്മ സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
യുഎഇയില്‍ നിന്നെത്തിയ യുവാവിനാണ് മങ്കിപോക്‌സ് സ്ഥീരീകരിച്ചത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇയാളുടെ കുടുംബം ഉള്‍പ്പെടെ സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരെയും നിരീക്ഷണത്തിലാക്കി. എല്ലാ ജില്ലകളിലും മങ്കിപോക്‌സ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ നിന്നുളളവര്‍ക്ക് വിമാനത്തില്‍ സമ്പര്‍ക്കമുണ്ട്. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ സജ്ജമാക്കും. മെഡിക്കല്‍ കോളേജുകളിലും പ്രത്യേക സൗകര്യമൊരുക്കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.