Sorry, you need to enable JavaScript to visit this website.

അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളക്ക് കോഴിക്കോട്ട് തിരി തെളിഞ്ഞു

കോഴിക്കോട് -പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ തലങ്ങളിലെ പെണ്ണനുഭവങ്ങളുടെ നേര്‍ക്കാഴ്ചകളൊരുക്കി മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളക്ക് തുടക്കമായി. കൈരളി തിയേറ്ററില്‍ നടന്ന ചടങ്ങില്‍ ടൂറിസം, പൊതുമരാമത്ത്, യുവജനകാര്യ മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്ത്രീകളെ എല്ലാ മേഖലകളിലും ഉയര്‍ത്തിക്കൊണ്ടുവരുക എന്നത് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും സിനിമയുടെ മുഖ്യധാരയില്‍ ചുവടുറപ്പിക്കാന്‍ വനിതകള്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും മന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. വനിതകള്‍ സംവിധാനം ചെയ്യുന്ന സിനിമക്കായി ബജറ്റില്‍ തുക വകയിരുത്തിയ ഏകസംസ്ഥാനം കേരളമാണെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തു.
ഇത്തരം വനിതാ ചലച്ചിത്രമേളകള്‍ സമാനതല്‍പ്പരരായ സ്ത്രീകളുടെ കൂട്ടായ്മകള്‍ രൂപപ്പെടാന്‍ അനുകൂലമായ സാഹചര്യമൊരുക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മേയര്‍ ഡോ. ബീന ഫിലിപ്പ് പ്രത്യാശ പ്രകടിപ്പിച്ചു. സ്ത്രീപുരുഷ പങ്കാളിത്തത്തോടെ ഇത്തരം സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നത് സമൂഹത്തിന്റെ സ്ത്രീവിരുദ്ധ കാഴ്ചപ്പാടുകള്‍ മാറുന്നതിനിടയാക്കുമെന്നും മേയര്‍ പറഞ്ഞു. ചലച്ചിത്രമേഖലയിലെ സ്ത്രീപങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുകയാണെന്ന് ആമുഖഭാഷണം നടത്തിയ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് പറഞ്ഞു.
ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനം വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി കെ.എസ്.എഫ്.ഡി.സി മാനേജിംഗ് ഡയറക്ടര്‍ എന്‍.മായ ഐ.എഫ്.എസിന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. കോഴിക്കോട് ജന്മദേശവും മുഖ്യ പ്രവര്‍ത്തനമേഖലയുമായ 12 ചലച്ചിത്രനടിമാരെ ചടങ്ങില്‍ ആദരിച്ചു. കുട്ട്യേടത്തി വിലാസിനി, നിലമ്പൂര്‍ അയിഷ, വിധുബാല, സീനത്ത് എന്നിവരെ മന്ത്രി മുഹമ്മദ് റിയാസ് ആദരിച്ചു. സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരന്‍, എല്‍സി സുകുമാരന്‍, പുഷ്പ കല്ലായി എന്നിവരെ മേയര്‍ ഡോ.ബീന ഫിലിപ്പും അജിത നമ്പ്യാര്‍, സീമ ഹരിദാസ്, കബനി ഹരിദാസ്, ശ്രീരജനി എന്നിവരെ വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവിയും ആദരിച്ചു.
ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഢി സ്വാഗതവും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് നന്ദിയും പറഞ്ഞു. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ അഞ്ജലി മേനോന്‍, കുക്കു പരമേശ്വരന്‍, കോഴിക്കോട് സബ് കലക്ടര്‍ വി. ചെല്‍സ സിനി ഐ.എ.എസ്, മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളുടെ സംവിധായികമാരായ താര രാമാനുജന്‍, ഐഷ സുല്‍ത്താന, മിനി ഐ.ജി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ 'ക്‌ളാര സോള' പ്രദര്‍ശിപ്പിച്ചു. 26ാമത് ഐ.എഫ്.എഫ്.കെയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരവും മികച്ച നവാഗത സംവിധായികയ്ക്കുള്ള രജത ചകോരവും നേടിയ ഈ ചിത്രം സ്വീഡന്‍, കോസ്‌റ്റോറിക്ക, ജര്‍മ്മനി എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്.

 

Latest News