കണ്ണൂര്‍- മങ്കിപോക്‌സ് എന്ന വാനര വസൂരി ലക്ഷണവുമായി ഒരാളെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൂടുതല്‍ പരിശോധനക്കായി സാമ്പിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം വന്നാല്‍ മാത്രമേ രോഗം സ്ഥിരീകരിക്കാനാകുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.
അതിനിടെ, വാനര വസൂരി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കണ്ണൂര്‍ വിമനത്താവളത്തില്‍ ഞായര്‍ മുതല്‍ അന്താരാഷ്ട്ര യാത്രക്കാരെ പരിശോധന നടത്തും. ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഇതിനായി മൂന്ന് കൗണ്ടറുകള്‍ സജ്ജമാക്കും. രോഗമുള്ളതായി സംശയിക്കുന്നവരെ പരിശോധിക്കാന്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും ജില്ലാ ആശുപത്രിയിലും സൗകര്യം ഒരുക്കും. ഇവരെ കൊണ്ടുപോകാനായി ആംബുലന്‍സുകളും ഉണ്ടാകും. രോഗലക്ഷണം ഉള്ളവരെയും വാനര വസൂരി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ 21 ദിവസത്തിനകം യാത്ര ചെയ്തവരെയും ആണ് പരിശോധിക്കുക. രോഗം സംശയിക്കുന്നവരെ ആംബുലന്‍സില്‍ കൊണ്ടു പോയി ആശുപത്രിയില്‍ സാമ്പിള്‍ പരിശോധനക്ക് വിധേയമാക്കും.