Sorry, you need to enable JavaScript to visit this website.

എസ്.എം.എ രോഗം ബാധിച്ച കുട്ടികള്‍ക്ക് മെഡിക്കല്‍ കോളേജില്‍ സൗജന്യ മരുന്ന് നല്‍കി

കോഴിക്കോട്- സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) എന്ന അപൂര്‍വ അസുഖം കണ്ടെത്തിയ 12 കുട്ടികള്‍ക്ക് സൗജന്യ മരുന്ന് നല്‍കി കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്. ആറു ലക്ഷം രൂപ വീതം വിലയുള്ള മരുന്നാണ് ഗവ. മെഡി. കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ വിതരണം നടത്തിയത്. സ്‌പൈറല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ അസുഖത്തിന് ഇന്ത്യയില്‍ ലഭ്യമായ റസ്ഡിപ്ലാം ഏന്ന മരുന്നാണ് വിതരണം ചെയ്തത്. രാജ്യത്ത് ആദ്യമായാണ് റഡ്‌സിപ്ലാം സൗജന്യമായി സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. ആവശ്യക്കാരായി മെഡി. കോളേജില്‍ ഇനിയും രണ്ടു കുട്ടികള്‍ കൂടിയുണ്ട്. ഇവര്‍ക്കുള്ള മരുന്നു കൂടി അടുത്ത ദിവസം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
സാധാരണ ഗതിയില്‍ ക്രൗഡ് ഫണ്ട് സ്വരൂപിച്ചാണ് അപൂര്‍വ അസുഖത്തിനുള്ള മരുന്ന് നല്‍കി വരുന്നത്. റഡ്‌സിപ്ലാം എന്ന മരുന്നിന് പുറമെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള മരുന്നുകളും ഇറക്കുമതി ചെയ്യാറുണ്ട്. ഇതിന് ഒരു വയലിന് മാത്രം കോടിക്കണക്കിന് രൂപ വില വരും. ഈ സാഹചര്യത്തിലാണ് പുതുതായി കണ്ടുപിടിച്ച റഡ്‌സിപ്ലാം സര്‍ക്കാര്‍ ചെലവില്‍ തന്നെ വിതരണം നടത്തിയത്.
തിരുവനന്തപുരം എസ്.എ.ടി.എച്ച് ആശുപത്രിയിലെ പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. മേരിഐപ്, അസിസ്റ്റന്റ് പ്രൊഫസറും ജനിസ്റ്റിസ്റ്റുമായ ഡോ. ശങ്കര്‍ വി.എച്ച് എന്നിവരുടെ മാര്‍ഗ നിര്‍ദേശ പ്രകാരമാണ് എസ്.എം.എ രോഗികള്‍ക്ക് മരുന്ന് നല്‍കിയത്. മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. സി. ശ്രീകുമാര്‍, പീഡിയാട്രിക് വിഭാഗം മേധാവി ഡോ. അജിത്കുമാര്‍. വി.ടി, ജനിറ്റിക് ക്ലിനിക്കിന്റെ ചുമതലയുള്ള ഡോ. ഗിരീഷ് എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

 

Latest News