ജിദ്ദ - ഇസ്താംബൂൾ സൗദി കോൺസുലേറ്റിൽ പ്രശസ്ത മാധ്യമപ്രവർത്തകൻ ജമാൽ ഖശോഗി വധിക്കപ്പെട്ട സംഭവം സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജുമാരനുമായി നടത്തിയ ചർച്ചക്കിടെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് ഉരുളക്ക് ഉപ്പേരി പോലെ മറുപടി നൽകി കിരീടാവകാശി. ഇത്തരം സംഭവങ്ങൾ ലോകത്ത് എവിടെയും സംഭവിക്കുന്നതായി കിരീടാവകാശി പറഞ്ഞു. ജമാൽ ഖശോഗി കൊല്ലപ്പെട്ട ഖേദകരമായ സംഭവം റിപ്പോർട്ട് ചെയ്ത അതേ വർഷം തന്നെ ലോകത്ത് മറ്റു നിരവധി സ്ഥലങ്ങളിൽ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. ഖശോഗി വധക്കേസിൽ മുഴുവൻ നിയമ നടപടിക്രമങ്ങളും സൗദി അറേബ്യ കൈക്കൊണ്ടിട്ടുണ്ട്. ഇത്തരം പിഴവുകൾ ആവർത്തിക്കാതെ നോക്കാനും നടപടികളെടുത്തിട്ടുണ്ട്.
ഇറാഖിലെ അബൂഗരീബ് ജയിൽ സംഭവം അടക്കം അമേരിക്കയുടെ ഭാഗത്തും നിരവധി തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. ഇത്തരം പിഴവുകളെ ബന്ധപ്പെട്ട രാജ്യങ്ങൾ തന്നെ കൈകാര്യം ചെയ്യുകയും ഭാവിയിൽ അത്തരം തെറ്റുകൾ ആവർത്തിക്കാതെ നോക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയുമാണ് വേണ്ടത്.
ഫലസ്തീനി വംശജയായ അമേരിക്കൻ മാധ്യമപ്രവർത്തക ശിരീൻ അബൂഅഖ്‌ല ഇസ്രായിൽ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് അടുത്തിടെയാണ്. ഈ പ്രശ്‌നത്തിൽ അമേരിക്കയും ലോക രാജ്യങ്ങളും എന്ത് നടപടികളാണ് സ്വീകരിച്ചതെന്നും ജോ ബൈഡനുമായി നടത്തിയ ചർച്ചക്കിടെ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആരാഞ്ഞതായി ഉന്നത സൗദി വൃത്തങ്ങൾ പറഞ്ഞു.
വെള്ളിയാഴ്ച രാത്രി ജിദ്ദ അൽസലാം കൊട്ടാരത്തിൽ വെച്ച് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി നടത്തിയ ചർച്ചക്കിടെ പൊതുമൂല്യങ്ങളെ കുറിച്ച് ജോ ബൈഡൻ പരാമർശിക്കുകയായിരുന്നു. ഇതിനിടെയാണ് ഖശോഗി വധം ഉയർത്തിക്കൊണ്ടുവരാൻ ബൈഡൻ ശ്രമിച്ചത്. അമേരിക്കയും സൗദി അറേബ്യയും അടക്കം ലോകത്തെ എല്ലാ രാജ്യങ്ങളിലും നിരവധി മൂല്യങ്ങളുണ്ടെന്ന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. ഇക്കൂട്ടത്തിൽ ചില മൂല്യങ്ങളിൽ മറ്റുള്ളവർ യോജിക്കുകയും മറ്റു ചില മൂല്യങ്ങളിൽ വിയോജിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും ലോക ജനതകൾക്കിടയിൽ അഭൂതപൂർവമായ പരസ്പരാശ്രിതത്വം കാണുന്ന ഇക്കാലത്ത് ശരിയായതും നല്ലതുമായ മൂല്യങ്ങളും തത്വങ്ങളും മറ്റു രാജ്യങ്ങളിലെ ജനങ്ങളെയും സ്വാധീനിക്കുന്നു.
ഈ മൂല്യങ്ങൾ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നത് വലിയ വിപരീത ഫലങ്ങളുണ്ടാക്കും. ഇറാഖിലും അഫ്ഗാനിസ്ഥാനിലും അതാണ് സംഭവിച്ചത്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്കക്ക് വിജയിക്കാൻ സാധിച്ചില്ല. ഓരോ രാജ്യത്തിനും വ്യത്യസ്തമായ മൂല്യങ്ങളുണ്ടെന്ന് മനസ്സിലാക്കേണ്ടതും അവ മാനിക്കേണ്ടതും പ്രധാനമാണ്. മൂല്യങ്ങളും തത്വങ്ങളും 100 ശതമാനം പങ്കുവെക്കുന്ന രാജ്യങ്ങളുമായി മാത്രമേ അമേരിക്ക സഹകരിക്കുകയുള്ളൂ എന്ന് അനുമാനിക്കുകയാണെങ്കിൽ നാറ്റോ രാജ്യങ്ങൾ ഒഴികെ അമേരിക്കക്ക് സഹകരിക്കാൻ ലോകത്ത് മറ്റു രാജ്യങ്ങളുണ്ടാകില്ല. അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും പരസ്പര സഹവർത്തിത്വത്തിലൂടെ മുന്നോട്ടുപോവുകയാണ് വേണ്ടതെന്നും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.