വടകര- എത്ര കിട്ടിയാലും പഠിക്കില്ലെന്ന തരത്തിലാണ് എം.എം മണിയെപ്പോലെയുള്ള നേതാക്കളെന്ന് കെ.കെ. രമ. സിപിഐ പ്രവര്‍ത്തക ആനി രാജയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി മുന്‍ മന്ത്രി എംഎം മണി രംഗത്തെത്തിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു രമ. മോശം പ്രസ്താവനകള്‍ പാര്‍ട്ടിയെയാണ് അസ്ഥിരപ്പെടുത്തുന്നതെന്ന് എം.എം മണി മനസിലാക്കുന്നില്ല. ഇതിനെ ന്യായീകരിക്കുകയാണ് കുറേയാളുകള്‍. ആനി രാജയുടേത് ഒരു കമ്മ്യൂണിസ്റ്റുകാരിയുടെ വാക്കുകളാണ്. അത് ആര്‍ജവത്തോടൂ കൂടി ആനി രാജ പറഞ്ഞതാണ് എം.എം. മണിയെ പൊള്ളിച്ചത്. അതിനാലാണ് അവരെ മോശക്കാരിയാക്കിയത്. സി.പി.ഐ.എമ്മിനെതിരെ പറയുന്നവരെയെല്ലാം മോശക്കാരാക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്.
എം.എം. മണി എത്ര കാലമായി സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തുന്നു. പാര്‍ട്ടി നേതൃത്വം എന്നോട് ഒന്നും പറഞ്ഞില്ലല്ലോ എന്നാണ് മണി ചോദിക്കുന്നത്. നാടന്‍ ഭാഷ എന്ന് പറഞ്ഞ് ഇതിനെയെല്ലാം കുറച്ചുകാണുകയാണ് പാര്‍ട്ടി നേതൃത്വം. എത്ര ക്ലാരിറ്റിയോടെയുള്ള പ്രസ്താവനയാണ് ആനി രാജ നടത്തിയത്. അതിനെതിരെ ഇത്തരം വാക്കുകള്‍ പ്രയോഗിക്കുന്നത് ശരിയാണോ?. ഇവരെ നിയന്ത്രിക്കാന്‍ സിപിഐഎം തയ്യാറായില്ലെങ്കില്‍ അവര്‍ക്ക് വലിയ അധപ്പതനമാകും ഉണ്ടാവുകയെന്നും കെ.കെ. രമ എം.എല്‍.എ വ്യക്തമാക്കി.