തൊടുപുഴ- സിപിഐ നേതാവ് ആനി രാജയ്‌ക്കെതിരെയും സിപിഎം നേതാവ് എംഎം മണിയുടെ അധിക്ഷേപ പരാമർശം. കെകെ രമ വിഷയത്തിൽ മണിക്കെതിരെ നേരത്തെ ആനി രാജ രംഗത്തുവന്നിരുന്നു. ഇതിനോടു പ്രതികരിച്ചുകൊണ്ടാണ് മണി വിവാദ പരാമർശം നടത്തിയത്. 'അവർ ഡൽഹിയിൽ അല്ലേ ഒണ്ടാക്കൽ' എന്നായിരുന്നു മണി മാധ്യമങ്ങളോടു പറഞ്ഞത്. ആനി രാജ തനിക്കെതിരെ നടത്തിയ വിമർശനങ്ങളൊന്നും കാര്യമാക്കുന്നില്ലെന്ന് എംഎം മണി പറഞ്ഞു. അവർ കേരളത്തിൽ അല്ലല്ലോ, ഡൽഹിയിൽ അല്ലേ ഒണ്ടാക്കൽ. കേരളത്തിൽ നടക്കുന്ന കാര്യമൊന്നും അവർക്ക് അറിയേണ്ടല്ലോ എന്നും മണി പറഞ്ഞു. കെകെ രമയ്‌ക്കെതിരെ സമയം കിട്ടിയാൻ ഇതിലും ഭംഗിയായി പറഞ്ഞേനെയെന്നും മണി പ്രതികരിച്ചു. ഇതൊന്നും വൺ വേ അല്ല. വിമർശനങ്ങൾ കേൾക്കാൻ പറ്റിയില്ലെങ്കിൽ രമ എന്തിനാണ് എംഎൽഎ പണിക്കു വന്നതെന്നും മണി ചോദിച്ചു.