കൊച്ചി- ദേശീയപതാക മാലിന്യങ്ങള്‍ക്കൊപ്പം തള്ളി അപമാനിച്ച സംഭവത്തില്‍ കരാറുകാരന്‍ ഉള്‍പ്പടെ മൂന്നുപേരെ തൃപ്പൂണിത്തുറ പോലീസ് അറസ്റ്റ് ചെയ്തു. കപ്പല്‍ പൊളിക്കുന്ന കരാര്‍ ജോലികള്‍ ഏറ്റെടുക്കുന്ന ചേലക്കുളം കീടേത്ത് ഷമീര്‍ മുഹമ്മദ്(42), ലോറി ഡ്രൈവര്‍ ചേലച്ചുവട് വെട്ടിക്കാട്ടില്‍ മാണി ഭാസ്‌ക്കര്‍ (49), തോപ്പുംപടിയിലെ ഗോഡൗണ്‍ ഉടമ തോപ്പുംപടി ചിരിക്കണ്ടത്ത് സാജര്‍ (49) എന്നിവരാണ് അറസ്റ്റിലായത്. കോസ്റ്റ് ഗാര്‍ഡിന്റെ മാലിന്യം ശേഖരിച്ച് ആദ്യം തോപ്പുംപടിയിലെ ഗോഡൗണില്‍ സൂക്ഷിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മാലിന്യം ലോറിയിലാക്കി ഇരുമ്പനത്തെ കടത്തുകടവിനു സമീപമുള്ള തുറസായ സ്ഥലത്ത് കൊണ്ടുവന്നു നിക്ഷേപിച്ചത്. അതില്‍ ദേശീയ പതാകകളും കോസ്റ്റ് ഗാര്‍ഡ് പതാകകളും ഉണ്ടായിരുന്നു. മൂന്നു പ്രതികളില്‍ സാജറിന് കോടതി ജാമ്യം അനുവദിച്ചു. മറ്റ് രണ്ടുപേരെയും റിമാന്‍ഡ് ചെയ്തു.
മാലിന്യ കൂമ്പാരത്തില്‍ കിടന്നിട്ടും ദേശീയ പതാകക്ക് ഒരു പോലീസ് ഓഫീസര്‍ സല്യൂട്ട് നല്‍കുന്ന ദൃശ്യം നേരത്തെ വൈറലായിരുന്നു. ദേശീയ പതാകയും കോസ്റ്റ്ഗാര്‍ഡിന്റെ പതാകയും മാലിന്യത്തിനൊപ്പം ഇരുമ്പനത്തിന് സമീപം കടത്തു കടവ് റോഡില്‍ വലിച്ചെറിഞ്ഞിരിക്കുന്നു എന്ന വിവരം അറിഞ്ഞ് എത്തിയ ഹില്‍പാലസ് പോലീസ് സ്റ്റേഷനിലെ ടി.കെ അമല്‍ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് ദേശീയ പതാക കണ്ടയുടന്‍ അറ്റന്‍ഷനായിനിന്ന് സല്യൂട്ട് അടിച്ചത്. മാലിന്യത്തില്‍നിന്ന് പതാകകള്‍ എല്ലാം അദ്ദേഹം ബഹുമാനത്തോടെ എടുത്ത് മടക്കി ജീപ്പില്‍ കൊണ്ടുപോകുകയും ചെയ്തു.