തിരുവനന്തപുരം- കെ.കെ. രമക്കെതിരെ എം.എം. മണി നടത്തിയ പരാമര്‍ശം ഒരിക്കലും സഹിക്കാന്‍ പറ്റാത്തതും വേദനാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ക്രൂരമായ പരാമര്‍ശമാണ് മണി നടത്തിയത്. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെടുകയും പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ പരാമര്‍ശം പിന്‍വലിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടാത്തത് അദ്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
പരാമര്‍ശം പിന്‍വലിക്കില്ലെന്ന ധിക്കാരപരമായ നിലപാട് എം.എം. മണി സ്വീകരിച്ചപ്പോള്‍ മുഖ്യമന്ത്രി അതിന് കുടപിടിച്ചു കൊടുത്തു. ഈ പരാമര്‍ശം രേഖയില്‍നിന്നു നീക്കം ചെയ്യാന്‍പോലും സ്പീക്കര്‍ തയാറായില്ല. സി.പി.എമ്മിന്റെയും മുഖ്യന്ത്രിയുടെയും അനുമതിയോട് കൂടി ഗൂഢാലോചന നടത്തി ആസൂത്രിതമായി നടത്തിയ പരാമര്‍ശമാണിത്.
കഴിഞ്ഞ കുറെക്കാലമായി സി.പി.എം കെ.കെ. രമയെ വേട്ടയാടുകയാണ്. 51 വെട്ട് വെട്ടി ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തി ചോര കുടിച്ചിട്ടും മതിയാകാത്ത കൊലയാളികള്‍ രമയെയും വേട്ടയാടുകയാണ്. കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന നേതാവ് രമയെ അധിക്ഷേപിച്ച് കോഴിക്കോട് പ്രസംഗിച്ചു. അതിന്റെ തുടര്‍ച്ചയാണ് നിയമസഭക്കകത്തു വേട്ടയാടുന്നതെന്നും അദ്ദേഹം ആരോപിച്ചു.