Sorry, you need to enable JavaScript to visit this website.

മുറിക്കകത്ത് സിറിഞ്ചും സൂചിയും; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് മലയാളി താരങ്ങള്‍ പുറത്ത്

ഗോള്‍ഡ് കോസ്റ്റ്- കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മികച്ച മുന്നേറ്റം നടത്തി മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുന്ന ഇന്ത്യയെ നാണം കെടുത്തി മരുന്നടി വിവാദം. മലയാളി താരങ്ങളായ രാകേഷ് ബാബു, കെ ടി ഇര്‍ഫാന്‍ എന്നിവരുടെ മുറിക്കകത്തു നിന്ന് സിറിഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരേയും ഗെയിംസ് വില്ലേജില്‍ നിന്ന് പുറത്താക്കി. ഇവരെ ലഭ്യമായ അടുത്ത വിമാനത്തില്‍ ഓസ്‌ട്രേലിയയില്‍ നിന്ന് തിരിച്ചയക്കണമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനോട് കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ ഉത്തരവിട്ടു. മുറിക്കു സമീപത്തോ അകത്തോ സൂചിയൊ സിറിഞ്ചോ കാണാന്‍ പാടില്ലെന്ന കര്‍ശന ചട്ടം ഇവര്‍ ലംഘിച്ചെന്നാണ് റിപ്പോര്‍ട്ട്. 

ഇവരുടെ മുറിക്കകത്തെ കപ്പില്‍ നിന്ന് ബുധനാഴ്ചയാണ് ഉപയോഗിച്ച സിറിഞ്ചുകള്‍ ശുചീകര ജീവനക്കാര്‍ക്കു ലഭിച്ചത്. തുടര്‍ന്ന് ഇരുവരുടേയും രക്ത, മൂത്ര സാംപിളുകള്‍ എടുത്ത് പരിശോധന നടത്തി. ഇവര്‍ ഉത്തേജക മരുന്നടിച്ചിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. മരുന്നടിച്ചിട്ടില്ലെങ്കിലും കര്‍ശന ചട്ടം ലംഘിച്ചതിന്റെ പേരില്‍ അക്രഡിറ്റേഷന്‍ റദ്ദാക്കി വെള്ളിയാഴ്ച ഇവരെ ഗെയിംസ് വില്ലേജില്‍ നിന്ന് പുറത്താക്കുകയായിരുന്നു. നാളെ നടക്കാനിരിക്കുന്ന ട്രിപ്പിള്‍ ജംപ് ഫൈനലിലേക്ക് രാകേഷ് യോഗ്യത നേടിയിരുന്നു. ഇര്‍ഫാന്‍ പങ്കെടുത്ത നടത്ത മത്സരം നേരത്തെ പൂര്‍ത്തിയായിട്ടുണ്ട്്.

ഇരുവര്‍ക്കുമെതിരെ അച്ചടക്ക നടപടി എടുക്കുമെന്ന് അത്‌ലിറ്റിക്്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി സി കെ വല്‍സന്‍ അറിയിച്ചു. ഫെഡറേഷന്റെ അച്ചടക്ക സമിതി ഉടന്‍ ഇവരുടെ വാദം കേള്‍ക്കും. ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഗെയിംസ് വില്ലേജിനകത്ത് സിറിഞ്ച് കൊണ്ടുവന്നതിന് ഇതു രണ്ടാം തവണയാണ്  ഇന്ത്യന്‍ താരങ്ങള്‍ പിടിക്കപ്പെടുന്നത്. നേരത്തെ സിറിഞ്ച് കണ്ടെത്തിയതിനെ തുടര്‍ന്ന് ബോക്‌സിങ് താരങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പു നല്‍കി വിട്ടയച്ചിരുന്നു. ഇനിയും ലംഘനമുണ്ടായാല്‍ കടുത്ത നടപടി ഉണ്ടാകുമെന്ന് ഗെയിംസ് അധികൃതര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. 

Latest News