ഗോൾഡ് കോസ്റ്റ്- ഗോൾഡ് കോസ്റ്റിലെ ട്രാക്ക് ആന്റ് ഫീൽഡിൽ വെള്ളി നേടിയ സീമ പുനിയക്ക്, ഇത് കോമൺവെൽത്ത് ഗെയിംസിലെ നാലാം മെഡൽ. വനിതാ ഡിസ്‌കസ് ഫൈനലിൽ തന്റെ ആദ്യ ശ്രമത്തിൽ തന്നെ 60.41 മീറ്റർ എറിഞ്ഞു കൊണ്ടാണ് സീമ വെള്ളി നേടിയത്. ഇത് 34 കാരിയുടെ മികച്ച രണ്ടാമത്തെ വ്യക്തിഗത പ്രകടനമാണ്. വെങ്കലം നേടിയ നവ്ജീത് ധില്ലണാവട്ടെ തന്റെ അവസാന ശ്രമത്തിൽ 57.43 മീറ്റർ എറിഞ്ഞാണ് മെഡൽ സ്വന്തമാക്കിയത്. 68.26 മീറ്റർ എറിഞ്ഞ് ഗെയിംസ് റെക്കോഡിട്ട ഓസ്‌ട്രേലിയയുടെ ഡാനി സ്റ്റീവൻസിനാണ് സ്വർണം.
2014ലും വെള്ളി നേടിയ സീമ, അതിനുമുമ്പ് 2010ൽ വെങ്കലം നേടിയിരുന്നു. 2006ൽ വെള്ളിയും.
അത്‌ലറ്റിക്‌സിൽ ഇന്ത്യക്ക് ഇന്നലെ സന്തോഷിക്കാൻ വേറെയും വകയുണ്ടായി. പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പിൽ അർപീന്ദർ സിംഗും, രാകേഷ് ബാബുവും ഫൈനലിൽ കടന്നു. ഗ്ലാസ്‌ഗോ ഗെയിംസിൽ വെങ്കലം നേടിയ അർപീന്ദർ യോഗ്യതാ റൗണ്ടിൽ ഒന്നാമതായിരുന്നു. എന്നാൽ വനിതകളുടെ ലോംഗ് ജമ്പിൽ മലയാളികളായ എൻ.വി നീനയും നയന ജയിംസും നിരാശപ്പെടുത്തി. ഫൈനൽ റൗണ്ടിൽ നീന പത്താമതും, നയന പന്ത്രണ്ടാമതുമായിരുന്നു.
വനിതകളുടെ ഹെപ്റ്റാത്തലണിന്റെ ഭാഗമായുള്ള 100 മീറ്റർ ഹർഡിൽസിൽ രണ്ടാം സ്ഥാനത്തെത്തിയ പൂർണിമ ഹെംബ്രം, 200 മീറ്ററിൽ മൂന്നാമതായിരുന്നു. എന്നാൽ ഷോട്ട്പുട്ടിൽ ഏഴാമതും, ഹൈജമ്പിൽ എട്ടാമതുമായി.