Sorry, you need to enable JavaScript to visit this website.

ഭിന്നശേഷി ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റത്തില്‍ സംവരണം അനുവദിക്കും

തിരുവനന്തപുരം- സംസ്ഥാന സര്‍ക്കാര്‍ സേവനത്തില്‍ ഭിന്നശേഷി ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റത്തില്‍ സംവരണം അനുവദിക്കാന്‍ മന്ത്രിസഭായോഗം  തീരുമാനിച്ചു. സുപ്രീംകോടതി വിധിന്യായം പാലിച്ചുകൊണ്ടാണിത്.

കേന്ദ്രസര്‍ക്കാര്‍ നിയമനങ്ങളില്‍ സ്ഥാനക്കയറ്റത്തില്‍ സംവരണം അനുവദിച്ച് പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടത്തിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ സമര്‍പ്പിച്ച കരട് ഗൈഡ് ലൈന്‍സ് അംഗീകരിക്കും.  വിവിധ വകുപ്പുകളിലെ സ്‌പെഷ്യല്‍ റൂള്‍സ് ഭേദഗതി വരുത്തുന്നതിനും റോസ്റ്റര്‍ സിസ്റ്റം നിലനിര്‍ത്തുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് പുറപ്പെടുവിക്കും.

നേരിട്ട് നിയമനം നടത്തുന്ന തസ്തികകളില്‍ സ്ഥാനക്കയറ്റം വഴിയും നിയമനം നടത്തുന്നുണ്ടെങ്കില്‍, അതായത് ഒരു തസ്തികയില്‍ നേരിട്ടുള്ള നിയമനം വഴിയും സ്ഥാനക്കയറ്റം വഴിയും നിയമനം നടത്തുന്നപക്ഷം അത്തരം തസ്തികകളില്‍ ഭിന്നശേഷി ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റത്തില്‍ സംവരണം അനുവദിക്കും.

അത്തരത്തില്‍ സ്ഥാനക്കയറ്റത്തില്‍ ഭിന്നശേഷി സംവരണം അനുവദിക്കുന്നതിനുള്ള തസ്തികകള്‍ ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായി കണ്ടെത്തുന്നതിനായി ഫംഗ്ഷണല്‍ അസസ്‌മെന്റ് നടത്തി എക്‌സ്പര്‍ട് കമ്മിറ്റി മുമ്പാകെ സമര്‍പ്പിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കാനും തീരുമാനിച്ചു.

 

Latest News