കാസര്‍കോട്- മഞ്ചേശ്വരത്ത് യൂണിവേഴ്‌സിറ്റി ജീവനക്കാരിക്ക് നേരെ സദാചാര ആക്രമണം നടത്തിയതിന് രണ്ടുപേര്‍ അറസ്റ്റില്‍. പ്രദേശവാസികളായ വിജിത്ത് (29), മുസ്തഫ (43) എന്നിവരാണ് പിടിയിലായത്. കണ്ണൂര്‍ സര്‍വകലാശാലയുടെ മഞ്ചേശ്വരം ക്യാമ്പസില്‍നിന്ന് സ്വദേശത്തേക്ക് പോവാന്‍ സഹപ്രവര്‍ത്തകനൊപ്പം പുറത്തേക്ക് ഇറങ്ങിയ ജീവനക്കാരിക്ക് നേരെയാണ് ആക്രമണം. ബൈക്കില്‍ പിന്നാലെ എത്തിയ സംഘം, ഈ പ്രദേശത്ത് ആണും പെണ്ണും ഒരുമിച്ച് നടക്കാന്‍ പാടില്ലെന്ന് താക്കീത് ചെയ്തു. ശേഷം, ഉദുമ സ്വദേശിയായ 29 കാരിയുടെ കൈക്ക് കടന്നുപിടിച്ചു. മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. വാക്കേറ്റം രൂക്ഷമായതോടെ ഇടപെട്ട സഹപ്രവര്‍ത്തകനെയും മര്‍ദിച്ച സംഘം ബൈക്കില്‍ രക്ഷപ്പെട്ടു. യുവതി മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് എടുത്ത പോലീസ് ബൈക്ക് നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവരുടെ സംഘത്തില്‍ വേറെയും ആളുകളുണ്ടായിരുന്നതായി സൂചനയുണ്ട്. ഇവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.