റിയാദ് - സൗദിയിലെ പതിമൂന്നു പ്രവിശ്യകളില്‍ സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഒരു വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞത് തബൂക്കില്‍. തബൂക്കില്‍ തൊഴിലില്ലായ്മ നിരക്ക് നാലു ശതമാനത്തോളം കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍ തബൂക്കില്‍ തൊഴിലില്ലായ്മ നിരക്ക് 17.2 ശതമാനമായിരുന്നു. ഇത് 13.18 ശതമാനമായി ഈ വര്‍ഷം ആദ്യ പാദത്തില്‍ കുറഞ്ഞു. നിരവധി വന്‍കിട വികസന പദ്ധതികള്‍ നടപ്പാക്കിയതാണ് തബൂക്കില്‍ തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്ന തോതില്‍ കുറയാന്‍ സഹായിച്ചത്.
നിയോം പദ്ധതിയും മറ്റു ടൂറിസം പദ്ധതികളും നടപ്പാക്കുന്നത് തബൂക്കില്‍ തൊഴിലില്ലായ്മ നിരക്ക് കുറയാന്‍ സഹായിച്ചു. 2020 ആദ്യ പാദത്തിനു ശേഷം ആദ്യമായാണ് തബൂക്കില്‍ തൊഴിലില്ലായ്മ നിരക്ക് 13.18 ശതമാനമായി കുറയുന്നത്. 2020 ആദ്യ പാദത്തില്‍ തബൂക്കില്‍ തൊഴിലില്ലായ്മ നിരക്ക് 12.3 ശതമാനമായിരുന്നു. 2030 ഓടെ തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനമായി കുറക്കാന്‍ വിഷന്‍ 2030 പദ്ധതി ലക്ഷ്യമിടുന്നു. സൗദിയില്‍ തൊഴിലില്ലായ്മ നിരക്കിലുണ്ടായ കുറവ് കൊറോണ പ്രത്യാഘാതങ്ങളില്‍ നിന്ന് സൗദി സമ്പദ്‌വ്യവസ്ഥ എത്രമാത്രം മുക്തമായി എന്ന് പ്രതിഫലിപ്പിക്കുന്നു. നിയോം പദ്ധതി പങ്കാളികളായ പ്രാദേശിക, അന്താരാഷ്ട്ര കമ്പനികളില്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമിച്ച് ഏതാനും എംപ്ലോയ്‌മെന്റ് ഫോറങ്ങള്‍ സംഘടിപ്പിച്ച് തബൂക്ക് നിവാസികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞ വര്‍ഷം നിയോം ശ്രമിച്ചിരുന്നു.
ഒരു വര്‍ഷത്തിനിടെ തബൂക്കില്‍ പുരുഷന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 11 ശതമാനത്തില്‍ നിന്ന് അഞ്ചര ശതമാനമായും വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 31.2 ശതമാനത്തില്‍ നിന്ന് 29.9 ശതമാനമായും കുറഞ്ഞു.