കൊണ്ടോട്ടി- ദുബായിൽ നിന്ന് കരിപ്പൂരിലെത്തിയ രണ്ട് യാത്രക്കാരിൽ നിന്ന് 11 ലക്ഷത്തിന്റെ സ്വർണം കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. കോഴിക്കോട് പാറക്കടവ് പുളിയാവ് വാഴയിൽ അബ്ദുറഹിമാൻ (28), കോഴിക്കോട് വാലിയാട് കുട്ടൻ ചെറിയ ചാലിൽ കുഞ്ഞഹമ്മദ് (26) എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്.
എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ദുബായ് വിമാനത്തിലാണ് അബ്ദുറഹിമാൻ കരിപ്പൂരിലെത്തിയത്. ഇയാളുടെ പാദരക്ഷക്കടിയിൽ ഒളിപ്പിച്ചു വെച്ച നിലയിൽ രണ്ട് സ്വർണ ചെയിനുകളാണ് കണ്ടെടുത്തത്. 140 ഗ്രാം തൂക്കം വരുന്ന ഇവക്ക് 4,25,600 രൂപ വില വരും. ഇൻഡിഗോ എയറിന്റെ ദുബായ് വിമാനത്തിലാണ് കുഞ്ഞഹമ്മദ് എത്തിയത്. പൗഡർ ടിന്നുകൾക്കകത്ത് തകിട് രൂപത്തിലാക്കി ഒളിപ്പിച്ച 225 ഗ്രം സ്വർണമാണ് ഇയാളിൽനിന്നു കണ്ടെത്തിയത്. വിപണിയിൽ 6,48,000 രൂപ വിലവരും. രണ്ടു സംഭവങ്ങളിലായി 11 ലക്ഷം രൂപ വിലവരുന്ന 365 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്.