Sorry, you need to enable JavaScript to visit this website.

ഭാഗ്യം തുണച്ചു; മമ്പാട് പഞ്ചായത്ത് പ്രസിഡന്റ് പദം എൽ.ഡി.എഫിന്  

ഷിഫ്‌ന നജീബ്‌

നിലമ്പൂർ- മമ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദം നറുക്കെടുപ്പിലൂടെ എൽ.ഡി.എഫിനു ലഭിച്ചു. സി.പി.എമ്മിലെ ഷിഫ്‌ന നജീബാണ് നറുക്കെടുപ്പിലൂടെ പ്രസിഡന്റായത്. മുസ്‌ലിം ലീഗിലെ കാഞ്ഞിരാല സെമീനയായിരുന്നു എതിർ സ്ഥാനാർഥി. വ്യാഴാഴ്ച രാവിലെ പതിനൊന്നിനു ഗ്രാമപഞ്ചായത്ത് ഓഫീസിലായിരുന്നു നറുക്കെടുപ്പ്. ജില്ലാ സർവേ സൂപ്രണ്ട് കെ.കെ.രാജുവായിരുന്നു വരണാധികാരി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന ലീഗിലെ കണ്ണിയൻ റുഖിയ പാർട്ടി ധാരണ പ്രകാരം രാജിവെച്ച ഒഴിവിലേക്കു  കഴിഞ്ഞ മാസം 26 ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ലീഗ് അംഗത്തിന്റെ വോട്ട് അസാധുവായിരുന്നു. ഇതോടെ 19 അംഗ ബോർഡിൽ ഇരുപക്ഷത്തിനും ഒമ്പത് വീതം വോട്ട് ലഭിച്ചു. തുടർന്ന് നറുക്കെടുപ്പിലേക്കു നീങ്ങുന്നതിനിടെ സംഘർഷം ഉണ്ടാവുകയും നറുക്കെടുപ്പ് മാറ്റിവെക്കുകയുമായിരുന്നു. മാറ്റിവെച്ച നറുക്കെടുപ്പാണ് ഇന്നലെ നടന്നത്. 
പഞ്ചായത്തിലെ എട്ടാം വാർഡായ പുളിക്കലൊടിയിൽ നിന്നും അഞ്ച് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷിഫ്‌ന നജീബ് തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യമായാണ് പഞ്ചായത്ത് അംഗം ആകുന്നത്. സി.പി.എം മമ്പാട് ലോക്കൽ കമ്മിറ്റി അംഗം, കേരള കർഷക തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗം, ജനാധിപത്യ മഹിള അസോസിയേഷൻ വണ്ടൂർ ഏരിയ കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ വണ്ടൂർ ബ്ലോക്ക് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. സത്യപ്രതിജ്ഞ ചെയ്ത് ഇന്നലെ തന്നെ പ്രസിഡന്റ് സ്ഥാനം അവർ ഏറ്റെടുത്തു. 


മുസ്‌ലിം ലീഗിലെ പടലപ്പിണക്കം; നേട്ടമായത് സി.പി.എമ്മിന്‌

നിലമ്പൂർ- യു.ഡി.എഫിന് ഭൂരിപക്ഷമുള്ള മമ്പാട് പഞ്ചായത്തിൽ ഭരണം നഷ്ടമായത് ലീഗിനുള്ളിലെ പടലപ്പിണക്കം. പ്രസിഡന്റ് പദം വീതം വെക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ ഭിന്നതയാണ് സി.പി.എമ്മിനു നേട്ടമായത്. 19 അംഗ ബോർഡിൽ സി.പി.എമ്മിന് ഒമ്പത്, ലീഗ് ഏഴ്, കോൺഗ്രസ് മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഇത്തവണ വനിത പഞ്ചായത്തായ മമ്പാടിൽ കാട്ടുമുണ്ട വാർഡിൽ നിന്നു വിജയിച്ച ലീഗിലെ കണ്ണിയൻ റുഖിയയായിരുന്നു പ്രസിഡന്റ്. എന്നാൽ ലീഗിലെ തന്നെ കാഞ്ഞിരാല സെമീനയെ പ്രസിഡന്റ് ആക്കണമെന്ന് ആവശ്യപ്പെട്ട് ലീഗിലെ ഒരു വിഭാഗം രംഗത്തു വന്നിരുന്നു. 
തുടർന്നാണ് പാർട്ടി ആവശ്യപ്പെട്ട പ്രകാരം റുഖിയ പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. തുടർന്ന് സെമിനയെ പാർട്ടി പ്രസിഡന്റ് സ്ഥാനാർഥിയായി നിശ്ചയിച്ചു. മാർച്ച് 26 നു നടന്ന തെരഞ്ഞെടുപ്പിൽ ലീഗിലെ പനനിലയത്ത് സുഹ്‌റയുടെ വോട്ട് അസാധുവായതാണ് യു.ഡി.എഫിന്  തിരിച്ചടിയായത്. വോട്ട് അസാധുവായതുമായി ബന്ധപ്പെട്ടു നടന്ന സംഘർഷത്തിൽ യു.ഡി.എഫിലെ രണ്ട് അംഗങ്ങൾക്കെതിരെ വരണാധികാരി നൽകിയ പരാതിയിൽ പോലീസ് കേസുമുണ്ട്. ഇവരുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കാനിരിക്കുകയാണ്. പാർട്ടിക്കുള്ളിലെ പടലപ്പിണക്കത്തിന്റെ  പേരിൽ നിലവിലുണ്ടായിരുന്ന ഭരണം നഷ്ടപ്പെടുത്തിയതിൽ ലീഗിനുള്ളിലും കോൺഗ്രസിനകത്തും അമർഷം പുകയുകയാണ്.

 

 

Latest News