സലാല- ദുബായില്‍നിന്ന് ഒമാനില്‍ വിനോദസഞ്ചാരത്തിനെത്തി സലാലയില്‍ കടലില്‍ വീണു കാണാതായ ഇന്ത്യക്കാരില്‍ ഒരു കുട്ടിയടക്കം രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു. കൂടുതല്‍ സുരക്ഷാ വിഭാഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. മൂന്നു കുട്ടികളടക്കം ഒരു കുടുംബത്തിലെ എട്ടു പേരാണു ഞായറാഴ്ച ഉച്ചയോടെ മുഗ്‌സെയില്‍ ബീച്ചില്‍ തിരമാലയില്‍പ്പെട്ടു കടലില്‍ വീണത്. മൂന്നു പേരെ ഉടന്‍ രക്ഷപ്പെടുത്തിയിരുന്നു.
സുരക്ഷാ ബാരിക്കേഡുകള്‍ മറികടന്നു ഫോട്ടോ എടുക്കാന്‍ ശ്രമിക്കവേയായിരുന്നു അപകടം. ദുബായില്‍നിന്നെത്തിയ ഉത്തരേന്ത്യക്കാരാണ് അപകടത്തില്‍പ്പെട്ടത്. ഉയര്‍ന്നു പൊങ്ങിയ തിരമാലയില്‍ പെടുകയായിരുന്നു ഇവര്‍. ഇതിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു.
തിങ്കളാഴ്ച രാത്രിയോടെ നാഷനല്‍ സെര്‍ച്ച് ആന്റ് റസ്‌ക്യൂ ടീം മസ്‌കത്തില്‍ നിന്നും സലാലയിലെത്തിയിരുന്നു. പ്രതിരോധ മന്ത്രാലയം, ആംബുലന്‍സ് റസ്‌ക്യൂ ടീം എന്നിവയും തിരച്ചിലില്‍ പങ്കെടുത്തു.