ലൈസൻസിന് രണ്ടര ലക്ഷം റിയാൽ ബാങ്ക് ഗാരണ്ടി
റിയാദ് - സ്മാർട്ട് ഫോൺ ആപ്ലിക്കേഷനിലൂടെ പ്രവർത്തിക്കുന്ന ഓൺലൈൻ ടാക്‌സി കമ്പനികൾക്ക് ലൈസൻസ് ലഭിക്കാൻ രണ്ടര ലക്ഷം റിയാൽ ഗാരണ്ടി ബാധകമാണെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. രാജ്യത്തെ മുഴുവൻ നഗരങ്ങളിലും ഗ്രാമങ്ങളിലും ഓൺലൈൻ ടാക്‌സി സേവനം ലഭ്യമാക്കുന്നതിനാണ് അതോറിറ്റിയുടെ ശ്രമം.ഒരു വർഷത്തേക്കാണ് ഓൺലൈൻ ടാക്‌സി കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകുക.
കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ പകർപ്പ്, സ്ഥാപനത്തിന്റെ ചുമതല വഹിക്കുന്ന വ്യക്തിയുടെ പേര്, ആശയ വിനിമയം നടത്തുന്നതിനുള്ള വിലാസങ്ങൾ, പ്രവൃത്തി സമയം എന്നിവയെല്ലാം ലൈസൻസ് അപേക്ഷക്കൊപ്പം സമർപ്പിക്കണം. ആപ്ലിക്കേഷന്റെ പേരും അപേക്ഷകർ നിർണയിക്കണം. കൂടാതെ ആപ്ലിക്കേഷന്റെ പ്രവർത്തനം ഉറപ്പുവരുത്തുകയും വേണം.
വ്യവസ്ഥകൾ പൂർണമായ അപേക്ഷകളിൽ സ്ഥാപനങ്ങളെ ഓൺലൈൻ ടാക്‌സി കമ്പനികളുടെ പ്രവർത്തനം ക്രമീകരിക്കുന്ന 'വസൽ' പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിക്കും. ഇതിനു ശേഷം അതോറിറ്റിയിൽ നിന്നുള്ള സംഘം സ്ഥാപനം സന്ദർശിച്ച് 'വസൽ; പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ചത് വിജയകരമാണെന്ന് ഉറപ്പു വരുത്തും. ഈ നടപടികളെല്ലാം പൂർത്തിയാക്കിയ ശേഷം ഒരു വർഷ കാലാവധിയുള്ള ലൈസൻസ് നൽകുമെന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി വക്താവ് അബ്ദുല്ല അൽമുതൈരി പറഞ്ഞു.