വടകര- ചുരുങ്ങിയ ഇടവേളക്ക് ശേഷം ആര്‍.എം.പി-സി.പി.എം പോര് മുറുകുന്നു. കഴിഞ്ഞ ദിവസം സി.പി.എം നേതാവ് എളമരം കരീം ഒരു പൊതുയോഗത്തില്‍ കെ.കെ രമ ഒറ്റുകാരിയാണെന്നും അതിന് കിട്ടിയ പാരിതോഷികമാണെന്നും എം.എല്‍.എ സ്ഥാനമെന്നും ആരോപിച്ചിരുന്നു. ഒറ്റു കൊടുത്തതിന്റെ പാരിതോഷികമായി കിട്ടിയ എം.എല്‍.എ സ്ഥാനംകൊണ്ട് ആരും അഹങ്കരിക്കേണ്ടെന്നും അതൊന്നും വലിയ സ്ഥാനമാണെന്ന് തെറ്റിദ്ധരിക്കുകയും വേണ്ടെന്നായിരുന്നു കരീമിന്റെ പരാമര്‍ശം. കേന്ദ്ര കമ്മിറ്റി അംഗം നടത്തിയ പ്രസ്താവനക്കെതിരെ ആര്‍.എം.പി-ഐ, കെ.കെ രമ, എന്‍.വേണു ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്ത് വന്നതിന് പിന്നാലെ സി.പി.എം ഏരിയാ കമ്മിറ്റിയും ഇതേ ആരോപണം ഉന്നയിച്ചിരുന്നു.
പിന്നാലെ സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനനും രംഗത്തെത്തി. രമക്കെതിരെ എളമരം കരീം നടത്തിയ പരാമര്‍ശത്തെ പിന്തുണച്ചാണ് ജില്ലാ സെക്രട്ടറി രംഗത്ത് വന്നത്. പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്നും ആര്‍.എം.പി- ഐ ഒഞ്ചിയത്തെ വിപ്ലവ പൈതൃകത്തെ ഒറ്റിക്കൊടുത്തെന്നും മോഹനന്‍ പറഞ്ഞു. ആര്‍.എം.പി ക്ക് മായ്ച്ച് കളയാന്‍ പറ്റാത്ത കളങ്കമാണതെന്നും ആ ഒറ്റി കൊടുക്കലിന് ലഭിച്ചത് തന്നെയാണ് എം.എല്‍.എ സ്ഥാനമെന്നും പി. മോഹനന്‍ പറഞ്ഞു. മണ്ടോടി കണ്ണന്‍ അടക്കമുള്ള രക്ത സാക്ഷികളെ അപമാനിക്കുന്ന നിലപാടാണ് ആര്‍.എം.പി-ഐയുടേത്. ഒരു മുന്നണിയിലും ചേരില്ലെന്ന് പറഞ്ഞ പാര്‍ട്ടി പിന്നീട് യു.ഡി.എഫിനൊപ്പം ചേര്‍ന്നു. സി.എച്ച് അശോകന്‍ അടക്കമുള്ള നേതാക്കളെ ഒറ്റുകൊടുത്തെന്നും മോഹനന്‍ പറഞ്ഞു.