തിരുവനന്തപുരം- മുൻ ഡി.ജി.പി ആർ. ശ്രീലേഖയും നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി നടൻ ദിലീപും തമ്മിലുള്ള വാട്‌സ്ആപ് ചാറ്റ് പുറത്ത്. റിപ്പോർട്ടർ ടി.വിയാണ് ചാറ്റ് പുറത്തുവിട്ടത്. 2021 മെയ് 23നുള്ള ചാറ്റാണ് പുറത്തുവന്നത്. എന്റെ യുറ്റിയൂബ് ചാനലാണ്, സമയം കിട്ടുമ്പോൾ കണ്ടുനോക്കൂ എന്നാണ് ആർ. ശ്രീലേഖയുടെ ചാറ്റ്. ഇതിന്, ഓ.ക്കെ ഷുവർ മാം എന്ന് ദിലീപ് പറയുന്നു. സംസാരിക്കാൻ പറ്റിയപ്പോൾ എനിക്കും വലിയ സന്തോഷമായി എന്ന് പിന്നീട് ദിലീപ് പറയുന്നുണ്ട്. ഞാൻ ഒറ്റക്ക്, ആരുടെയും സഹായമില്ലാതെ ചെയ്യുന്നതാണ് ചാനലെന്നും ശ്രീലേഖ പറയുന്നുണ്ട്.
ആർ.ശ്രീലേഖ ഇന്നലെ പറഞ്ഞത്:
നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് തീർത്തും നിരപരാധിയാണ്. കേസിൽ ദിലീപ് അറിഞ്ഞോ അറിയാതെയോ ഉൾപ്പെട്ടിട്ടുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ല. പൾസർ സുനിയും കൂട്ടരും സ്വന്തം ലാഭത്തിന് വേണ്ടി ചെയ്ത കുറ്റകൃത്യം ദിലീപിന്റെ ചുമലിൽ വെച്ചുകൊടുക്കാൻ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അവർ ഒരഭിമുഖത്തിൽ പറഞ്ഞു. ദിലീപിനെതിരെ പോലീസ് തെളിവുകൾ കെട്ടിച്ചമച്ചെന്ന് തനിക്ക് നേരിട്ട് ബോധ്യപ്പെട്ടിട്ടുള്ളതാണെന്നും തെളിവുകളായി പോലീസ് അവതരിപ്പിച്ചിട്ടുള്ളവയെല്ലാം കെട്ടിച്ചമച്ചതാണ്.
ദിലീപും പൾസർ സുനിയും ഒരുമിച്ചു നിൽക്കുന്ന ഒരു ഫോട്ടോ ആണ് പോലീസ് പ്രധാന തെളിവായി അവതരിപ്പിക്കുന്നത്. എന്നാൽ അന്വേഷണ ഘട്ടത്തിൽ ഈ ഫോട്ടോ കണ്ട താൻ ഇത് ഫോട്ടോഷോപ്പ് ആണെന്ന് സംശയം പ്രകടിപ്പിച്ചപ്പോൾ അതേ ഫോട്ടോഷോപ്പ് ചെയ്തത് തന്നെയാണ്. അത്തരമൊരു തെളിവ് ആവശ്യമുണ്ടെന്ന് അന്വേഷണച്ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ തന്നോട് പറഞ്ഞിട്ടുണ്ട്. ജയിലിൽനിന്ന് പൾസർ സുനി നാദിർഷ അടക്കമുള്ളവരെ ഫോണിൽ വിളിച്ചതും കത്തെഴുതിയതും പോലീസിന്റെ ഒത്താശയോടെയാണെന്നും ശ്രീലേഖ ആരോപിച്ചു. പ്രതികളെ കോടതിയിൽ കൊണ്ടു പോയി തിരിച്ചെത്തിച്ച പോലീസുകാരിലൊരാൾ അസാധാരണമായി പൾസർ സുനിക്കൊപ്പം ജയിലിലേക്ക് കടന്ന് ഫോൺ കൈമാറുകയായിരുന്നുവെന്ന് സൂചന നൽകുന്ന നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ജയിലിനുള്ളിൽ പൾസർ സുനി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന്റെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു. ചെരിപ്പിനുള്ളിൽ വെച്ചാണ് ഫോൺ ജയിലിലേക്ക് കടത്തിയതെന്നാണ് പ്രതി അന്ന് പറഞ്ഞത്. എന്നാൽ അത്തരത്തിൽ ചെരിപ്പിനുള്ളിൽ വെച്ച് ഫോൺ കടത്താൻ കഴിയില്ലെന്ന് അവർ വ്യക്തമാക്കുന്നു. ഇക്കാര്യം അന്വേഷിക്കണമെന്ന് ഡി.ജി.പിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഒന്നും സംഭവിച്ചില്ല.
ജയിലിനുള്ളിൽ വെച്ച് ദിലീപിന് പൾസർ സുനിക്ക് വേണ്ടി കത്തെഴുതിയ വിപിൻലാൽ എന്ന തടവുകാരൻ ഇത് പോലീസ് പറഞ്ഞിട്ട് എഴുതിയതാണെന്ന് കോടതി പരിസരത്ത് വെച്ച് മാധ്യമങ്ങളോട് പറഞ്ഞതും പോലീസ് അത് തടസ്സപ്പെടുത്തുന്നതും എല്ലാവരും കണ്ടതാണ്. ജയിലിൽ വെച്ച് പ്രതിക്ക് ഉദ്യോഗസ്ഥരുടെ അറിവില്ലാതെ ഇത്തരമൊരു കത്തെഴുതാൻ കഴിയില്ല. ഇപ്പോൾ പൾസർ സുനിയുടെ അമ്മ ഈ കത്തിന്റെ ഒറിജിനൽ എന്ന പേരിൽ ഒരു കത്ത് പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ഈ കത്തുകൾ രണ്ടും രണ്ടാണ്. ജയിലിൽ നിന്ന്് എഴുതിയ കത്തിലെ കയ്യക്ഷരമോ ഉള്ളടക്കമോ അല്ല പൾസർ സുനിയുടെ അമ്മ ഹാജരാക്കിയ കത്തിലുള്ളത്.
ദിലീപും പൾസർ സുനിയും ഒരേ ടവർ ലൊക്കേഷനിൽ വന്നുവെന്നതും നിലനിൽക്കാത്ത തെളിവാണ്. അബാദ് പ്ലാസ ഹോട്ടലിൽ സിനിമാതാരങ്ങളെല്ലാം പങ്കെടുത്ത പരിപാടി നടക്കുന്ന വേളയിലാണ് ഒരേ ടവർ ലൊക്കേഷനിൽ വന്നുവെന്ന് പറയുന്നത്. ഇത്തരത്തിൽ ഒരേ ടവർ ലൊക്കേഷനിൽ വന്നതുകൊണ്ട് ഗൂഢാലോചന നടത്തിയെന്ന് പറയാൻ കഴിയുന്നതെങ്ങനെയെന്ന് അവർ ചോദിക്കുന്നു.
ഒന്നര കോടി രൂപക്കാണ് ദിലീപ് പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയതെന്ന വാദം അവിശ്വസനീയമാണ്. പൾസർ സുനി മറ്റ് നടിമാരെ ഇത്തരത്തിൽ ബ്ലാക്ക് മെയിൽ ചെയ്തതായുള്ള വിവരം പുറത്തുവന്നിട്ടുണ്ട്. സ്വന്തം നിലക്ക് സാമ്പത്തിക ലാഭമുണ്ടാക്കാൻ നടത്തുന്ന ഇത്തരം കുറ്റകൃത്യങ്ങളിൽ ഇരകളായവർ മാനക്കേട് മൂലം പരാതിയുമായി വന്നിട്ടില്ലെന്നതാണ് യാഥാർഥ്യം. പൾസർ സുനിയെ ചോദ്യം ചെയ്തതിൽ നിന്ന് ഇയാൾ പറയുന്നത് പച്ചക്കള്ളമാണെന്ന ബോധ്യപ്പെട്ടിട്ടുണ്ട്. ഓരോ ദിവസവും ഓരോ കള്ളം പറയുന്ന ആളാണ് പൾസർ സുനിയെന്ന് ഇയാളുമായി സംസാരിച്ചതിൽ നിന്ന് ബോധ്യമായി. ഇതിൽ ക്വട്ടേഷൻ ഉണ്ടെങ്കിൽ പൾസർ സുനി അത് ആദ്യമേ പറഞ്ഞ് സ്വന്തം തടി രക്ഷിക്കാൻ ശ്രമിക്കുമായിരുന്നു. അറസ്റ്റിലായി നാല് മാസത്തിന് ശേഷം ചിലരുടെ ഗൂഢാലോചനയുടെ ഫലമായി ക്വട്ടേഷൻ എന്ന വാദം ചിലർ മാധ്യമങ്ങളിലൂടെ ബോധപൂർവം ഉയർത്തിക്കൊണ്ടു വരികയായിരുന്നു. ഒന്നര കോടി രൂപക്ക് ക്വട്ടേഷൻ നൽകിയിട്ട് അഡ്വാൻസായി നൽകിയെന്ന് പറയുന്നത്. 10,000 രൂപയാണ്. അതും പൾസർ സുനിയുടെ അമ്മയുടെ കുടുംബശ്രീ എക്കൗണ്ട് വഴി. ഇതിനെക്കുറിച്ച് പോലീസ് പരിശോധന നടത്തിയിട്ടുമില്ല. ജെയിലിൽ ഇരുന്ന് പൾസർ സുനി ദിലീപിന് എഴുതിയതായി പറയുന്ന കത്തിൽ അത്യാവശ്യമായി 300 രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒന്നര കോടിയുടെ ക്വട്ടേഷൻ വാങ്ങിയ ആൾ 300 രൂപ ആവശ്യപ്പെടുന്നത് യുക്തിക്ക് നിരക്കാത്തതാണ്.
സാക്ഷികളെ കൂറുമാറ്റി എന്ന ആരോപണത്തിന്റെ സത്യാവസ്ഥ പോലീസിലുള്ള എല്ലാവർക്കുമറിയാം. സാക്ഷിയുടെ മൊഴി എടുക്കുമ്പോൾ അവരുടെ ഒപ്പിട്ടു വാങ്ങാറില്ല. പോലീസ് ഓഫീസർമാർ തന്നെയാണ് എഴുതി ഒപ്പിടുന്നത്. ആ ഓഫീസർക്ക് മൊഴി എങ്ങനെയും എഴുതാം. കേസ് കോടതിയിൽ വരുമ്പോൾ മൊഴി വായിച്ചു കേൾക്കുമ്പോഴായിരിക്കും അത് ശരിയല്ലെന്ന് മനസ്സിലാക്കാൻ കഴിയുക. കടകവിരുദ്ധമായ കാര്യങ്ങൾ എഴുതിവെച്ചാൽ സമ്മതിക്കാൻ കഴിയുന്നത് എങ്ങനെയാണ്. സാക്ഷികൾ കോടതിയിൽ പറയുന്നതാണ് സത്യം. അത് കൂറുമാറ്റമല്ല. ഇത്രയുമാളുകൾ കൂറുമാറി എന്നതിന്റെ അർഥം പോലീസ് എഴുതിയ കാര്യങ്ങൾ തെറ്റായിരുന്നു.
മാധ്യമങ്ങൾ സൃഷ്ടിക്കുന്ന സമ്മർദത്തിൽ പെട്ടുപോകുന്ന അന്വേഷണ ഉദ്യോഗസ്ഥർ വാർത്തകൾക്കനുസരിച്ച് അന്വേഷണം മുന്നോട്ടുകൊണ്ടു പോകുന്ന ശൈലി പ്രകടമാണ്. നടിയെ ആക്രമിച്ച ഗൂഢാലോചനയിൽ ദിലീപിന് പങ്കുണ്ടെന്ന ആരോപണം ചിലർ മാധ്യമങ്ങളിലൂടെയാണ് ഉയർത്തിക്കൊണ്ടുവന്നത്. ചാനലിലിലിരുന്ന് രണ്ടു പേർ ചേർന്ന് ഒരുകാര്യം ഇങ്ങനെയാണെന്ന് പറഞ്ഞാൽ അത് വിശ്വസിക്കുന്നവരാണ് നമ്മളിൽ ഏറെയും. പ്രമുഖ മാധ്യമങ്ങളിലെ രണ്ടു പ്രധാന മാധ്യമ പ്രവർത്തകരിലൂടെ ഇത്തരത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് പൊതുബോധം സൃഷ്ടിക്കുകയും അതിനനുസരിച്ച് അന്വേഷണം മുന്നോട്ടു കൊണ്ടു പോകുകയും ചെയ്യുന്ന രീതിയുണ്ട്. ദിലീപിന്റെ കേസിലും അങ്ങനെ സംഭവിച്ചിരിക്കാമെന്ന് ശ്രീലേഖ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്ക് അത്തരം ഘട്ടങ്ങളിൽ തെറ്റ് പറ്റാം. എന്നാൽ തെറ്റ് ബോധ്യപ്പെട്ടാൽ സമ്മതിക്കുകയാണ് വേണ്ടത്. എന്നാൽ താൻ പിടിച്ച് മുയലിന് രണ്ട് കൊമ്പാണെന്ന് സ്ഥാപിച്ചെടുക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
അഞ്ച് വർഷമായിട്ടും പ്രതിക്ക് ശിക്ഷ കിട്ടാത്ത കേസിൽ പുതിയ കഥാപാത്രങ്ങളെ കൊണ്ടുവന്ന് ദിലീപിനെ കുടുക്കാൻ തെളിവുകൾ സൃഷ്ടിക്കുന്നത് അപഹാസ്യമാണ്. കുറ്റം ചെയ്തവർ ശിക്ഷ ലഭിക്കാതിരിക്കുന്ന സ്ഥിതി ഖേദകരമാണ്.