തിരുവനന്തപുരം- ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് താൻ ഏതു സമയത്തും നിലയുറപ്പിക്കുന്നതെന്ന് നടൻ പൃഥിരാജ് സുകുമാരൻ. തിരുവനന്തപുരത്ത് 'കടുവ' സിനിമയുടെ അണിയറ പ്രവർത്തകർക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.
ആക്രമിക്കപ്പെട്ട നടി അടുത്ത സുഹൃത്താണ്. ഇന്നും അവർക്കൊപ്പമാണ്. നടിയിൽനിന്ന് നേരിട്ട് കാര്യങ്ങൾ അറിഞ്ഞിരുന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി. അതേസമയം, നടനും നിർമാതാവുമായ വിജയ് ബാബു പുതുമുഖ നടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കാൻ തയ്യാറായില്ല.
നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ അവരിൽനിന്ന് നേരിട്ട് വിവരങ്ങൾ അറിയാമായിരുന്നുവെന്നും വിജയ് ബാബു സംഭവത്തെക്കുറിച്ച് തനിക്ക് ധാരണയില്ലെന്നും പൃഥ്വിരാജ് വിശദീകരിച്ചു.
ആദ്യം പറഞ്ഞ സംഭവത്തിൽ, ആക്രമിക്കപ്പെട്ട നടി എന്റെ അടുത്ത സുഹൃത്താണ്. ഞാൻ ഒരുപാട് സിനിമകൾ കൂടെ ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്താണ് സംഭവിച്ചതെന്ന് അവരിൽ നിന്നുതന്നെ നേരിട്ട് അറിയാവുന്നതുമാണ്. ഈ പോരാട്ടത്തിൽ അവർക്കൊപ്പം ഉറച്ചു നിൽക്കുന്നുവെന്ന് എനിക്ക് ഉറപ്പിച്ചു പറയാനാകും. ഞാൻ മാത്രമല്ല, അവർക്കൊപ്പം ജോലി ചെയ്തിട്ടുള്ള ഒരുപാടു പേർക്കും ഇതേ നിലപാടാണ്. പക്ഷേ, രണ്ടാമതു പറഞ്ഞ സംഭവത്തെക്കുറിച്ച് എനിക്ക് വ്യക്തതയില്ല. അതേക്കുറിച്ച് എനിക്ക് അറിയില്ല. മാധ്യമങ്ങളിൽ വന്ന കാര്യങ്ങൾ മാത്രമേ അറിയൂ. അതുവച്ച് ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറല്ല. വിജയ് ബാബു പങ്കെടുത്ത അമ്മ സംഘടനയുടെ യോഗത്തിൽ ഞാൻ പങ്കെടുത്തിരുന്നില്ല. വിജയ് ബാബു അവിടെ പോകാൻ പാടുണ്ടോ എന്നൊന്നും അഭിപ്രായം പറയേണ്ടത് ഞാനല്ല. അതിന്റെ ശരിതെറ്റുകളെക്കുറിച്ച് ആധികാരികമായി പറയാനാകില്ലെന്ന് പൃഥിരാജ് പറഞ്ഞു.