പാലക്കാട്- മഹിളാ മോർച്ച നേതാവ് ശരണ്യ ആത്മഹത്യക്ക് പിന്നിൽ ബി.ജെ.പി പ്രാദേശിക നേതാവിന്റെ ഇടപെടൽ. മഹിള മോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ആയിരുന്ന ശരണ്യ ഞായറാഴ്ചയാണ് തൂങ്ങിമരിച്ചത്. ബി.ജെ.പി നേതാവ് പ്രജീവ് ആണ് തന്റെ ആത്മഹത്യക്ക് കാരണമെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ആറ് പേജുകളാണ് കുറിപ്പിലുള്ളത്, ശരണ്യയുടെ ഫോണും പോലീസ് കസ്റ്റഡിയിലാണ്.
പ്രജീവിനെ വിശ്വസിച്ച് പല കാര്യങ്ങളും ചെയ്തു. ഇപ്പോൾ ചതിച്ചുവെന്ന് തിരിച്ചറിഞ്ഞതിൽ മനം നൊന്താണ് ജീവനൊടുക്കാൻ തീരുമാനിച്ചത്. തന്റെ മരണത്തിൽ മറ്റാർക്കും പങ്കില്ലെന്നും പ്രജീവിന്റെ കള്ളക്കളികൾ മുഴുവൻ പുറത്തുകൊണ്ടുവരണമെന്നും ആത്മഹത്യക്കുറിപ്പിൽ ആവശ്യപ്പെടുന്നു.
ശരണ്യയും പ്രണവും തമ്മിലുള്ള സൗഹൃദം അതിരുവിടുന്നതായി തോന്നിട്ടുണ്ടെന്നും ഇതിന്റെ പേരിൽ കുടുംബത്തിൽ അസ്വാരസ്യങ്ങളുണ്ടായിട്ടുണ്ടെന്നും കാര്യങ്ങളിൽ നിയന്ത്രണം വേണമെന്ന് ഭർത്താവിനെ ഉൾപ്പെടെ അറിയിച്ചിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. ശരണ്യ ആത്മഹത്യക്ക് ശ്രമിക്കുന്നുവെന്ന കാര്യം പ്രജീവ് തന്നെയാണ് ഭർത്താവിനെ വിളിച്ച് അറിയിച്ചതും.
പിന്നീട് വീട്ടുകാർ എത്തിയപ്പോഴേക്കും ശരണ്യ തൂങ്ങി മരിച്ച നിലയിലായിരുന്നു. സംഭവത്തിന് പിന്നാലെ പ്രജീവ് ഒളിവിൽ പോയി. ഇയാൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.