Sorry, you need to enable JavaScript to visit this website.

വിദേശികളുടെ ശോഭന ഭാവി

പ്രവാസികൾക്കിത് ആശങ്കയുടെ ദിനങ്ങളാണ്. തൊഴിൽ നഷ്ടം, തൊഴിൽ നഷ്ട ഭീഷണി, ലെവിയുടെ അധിക ഭാരത്താലുള്ള കുടുംബങ്ങളുടെ വിടപറയൽ, കച്ചവട മേഖലയുടെ തളർച്ച ... അങ്ങനെ പ്രവാസ ലോകം അസ്വസ്ഥതയിലാണ്. എല്ലാം അവസാനിച്ചുവെന്ന മട്ടിലാണ് പലരുടെയും സംസാരം. കാര്യങ്ങൾ പൊതുവെ വിലയിരുത്തപ്പെടുമ്പോൾ അങ്ങനെ തോന്നാമെങ്കിലും പ്രവാസവും അതുകൊണ്ടുണ്ടാകുന്ന നേട്ടങ്ങളും ഒരിക്കലും അവസാനിക്കാൻ പോകുന്നില്ല. പഴയതു പോലുള്ള വാരിക്കൂട്ടലുകൾ സാധ്യമായെന്നു വരില്ല. ചില ഏറ്റക്കുറച്ചിലുകളൊക്കെ ഉണ്ടാകാം. ഒരു കയറ്റത്തിന് ഒരു ഇറക്കം സ്വാഭാവികം. ഇപ്പോൾ പ്രവാസ ലോകത്ത്, പ്രത്യേകിച്ച് സൗദി അറേബ്യയിൽ നടന്നുകൊണ്ടിരിക്കുന്നത് അതാണ്. അനിയന്ത്രിതമായ ഇടപാടുകളെ ഒരു ചട്ടക്കൂട്ടിലേക്ക് ഒതുക്കുമ്പോഴുണ്ടാകുന്ന സ്വാഭാവിക നഷ്ടങ്ങൾ മാത്രമാണ് ഇവിടെ ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. സ്വന്തം രാജ്യത്തെ പൗരന്മാർക്ക് ജീവിതോപാധി ഉറപ്പാക്കേണ്ടത് ആ രാജ്യത്തിന്റെ ബാധ്യതയാണ്. അതിനായുള്ള നടപടികളുടെ ഫലമായാണ് ചിലർക്കൊക്കെ തൊഴിൽ നഷ്ടങ്ങളുണ്ടായിട്ടുള്ളത്. 
ഇതൊക്കെയാണെങ്കിലും കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ടൈംമാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതുപോലെ വിദേശികൾക്ക് സൗദി അറേബ്യയിൽ ശോഭന ഭാവിയുണ്ടെന്നതിൽ ഒരു സംശയവും വേണ്ട. ഇപ്പോഴുണ്ടായിരിക്കുന്ന കഷ്ടനഷ്ടങ്ങൾ താൽക്കാലികമാണ്. പുത്തൻ സാമ്പത്തിക പരിഷ്‌കാരങ്ങൾ സ്വദേശികൾക്കെന്ന പോലെ വിദേശികൾക്കും ധാരാളം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന കിരീടാവകാശിയുടെ പ്രസ്താവന ശരിയെന്ന് തെളിയിക്കുന്നതാണ് തൊഴിൽ രംഗത്ത് സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒഴിവുകൾ. ഒരു കോടിയിലധികം വിദേശികൾ ഒറ്റക്കും കുടുംബത്തോടൊപ്പവും സൗദിയിൽ താമസിക്കുന്നുണ്ട്. ഇവരിൽ ബഹുഭൂരിപക്ഷവും വിവിധ മേഖലകളിൽ ജോലിയെടുക്കുന്നവരാണ്. ഇവരുടെ എണ്ണം കുറയില്ലെന്നു മാത്രമല്ല, കൂടാനാണ് സാധ്യതയെന്നാണ് കിരീടാവകാശി പറഞ്ഞത്. സാമ്പത്തിക പരിഷ്‌കരണ രംഗത്ത് സൗദി ലക്ഷ്യമിടുന്ന വളർച്ച സാക്ഷാത്കരിച്ചാൽ ധാരാളം മാനവ വിഭവ ശേഷി ആവശ്യമായി വരും. മതിയായ വിദ്യാഭ്യാസ യോഗ്യതയും വൈദഗ്ധ്യവുമുള്ള വിദേശികൾക്ക് അനവധി തൊഴിൽ അവസരങ്ങൾ ഇതുവഴി തുറക്കപ്പെടുമെന്നാണ് കിരീടാവകാശി അഭിമുഖത്തിൽ വ്യക്തമാക്കിയത്. അതായത് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവർ വർഷങ്ങൾക്കു മുമ്പ് ഇവിടയെത്തി കഠിനാധ്വാനം കൊണ്ടും സ്വയംആർജിത കഴിവു കൊണ്ടും എത്തിപ്പിടിച്ച ഉന്നത സ്ഥാനങ്ങളിൽ ഇനി വിദേശികൾ എത്തിപ്പെടാൻ സാധ്യതകൾ കുറവാണെന്നു വേണം വിലയിരുത്താൻ. സ്വദേശിവൽക്കരണത്തെത്തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നവരിലേറെ പേരും വർഷങ്ങൾക്കു മുമ്പെ സൗദിയിലെത്തി ഉന്നത സ്ഥാനങ്ങളിൽ എത്തിപ്പെട്ടവരാണ്. ഇത്തരം സ്ഥാനങ്ങളിലേക്ക് ഇനി സാധ്യതകൾ കുറവാണെങ്കിലും കിരീടാവകാശി സൂചിപ്പിച്ചതു പോലെ വിദ്യാസമ്പന്നരും സാങ്കേതിക പരിജ്ഞാനവുമുള്ളവർക്ക് സാധ്യതകൾ ഏറെയാണ്. 
തൊഴിൽ മേഖലയിൽനിന്നുള്ള റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത് അതാണ്. കഴിഞ്ഞ വർഷം ജനുവരി മുതൽ ഈ വർഷം മാർച്ച് വരെ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം 8,19,881 തൊഴിൽ വിസകൾ ഇഷ്യൂ ചെയ്തിട്ടും നിരവധി തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ 1,16,068 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതിൽ 40 ശതമാനം മാത്രമാണ് സ്വദേശികൾക്കായി സംവരണം ചെയ്തിട്ടുള്ളത്. അതായത് 45,919 തസ്തികകൾ സ്വദേശികൾക്ക് സംവരണം ചെയ്ത മേഖലയിൽ ഒഴിഞ്ഞുകിടക്കുമ്പോൾ വിദേശികൾക്ക് ലഭിക്കാനിടയുള്ളത് 70,149 തൊഴിൽ അവസരങ്ങളാണ്. വാണിജ്യ, ഹോട്ടൽ മേഖലകളിലാണ് കൂടുതൽ തൊഴിൽ അവസരങ്ങളുള്ളത്. 35,000 ലേറെ തസ്തികകൾ ഈ മേഖലയിൽ നികത്താതെ കിടക്കുന്നുണ്ട്. ഇതിൽ സ്വദേശി സംവരണം ഏതാണ്ട് പകുതിയോളമാണ് വരിക. നിർമാണ മേഖലയിൽ 22,000 ഓളം തൊഴിലവസരങ്ങളിൽ 3190 തസ്തിക ഒഴികെ ബാക്കിയുള്ളവ വിദേശികളുടേതാണ്. വ്യവസായ മേഖലയിൽ ഒഴിഞ്ഞുകിടക്കുന്ന 18,641 തസ്തികകളിൽ 7835 സ്വദേശികളുടെ ഒഴിവുകളാണ്. 
വിനോദ സഞ്ചാരം,കലാ, സാംസ്‌കാരിക, സിനിമാ മേഖലകളിൽ വൻ തൊഴിൽ സാധ്യതകളാണ് തുറക്കപ്പെടുന്നത്. ഉല്ലാസ മേഖലയെ സജീവമാക്കുന്നതിന് അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുമായി ഇതിനകം ഒട്ടേറെ കരാറുകൾ സൗദി  അറേബ്യ ഒപ്പുവെച്ചു കഴിഞ്ഞു. കിരീടാവകാശിയുടെ വിദേശ പര്യടനത്തിനിടെ ഇതുമായി ബന്ധപ്പെട്ട വിദഗ്ധർ പങ്കെടുത്ത ചർച്ചകളും സൗദിയുടെ സാംസ്‌കാരിക മൂല്യങ്ങളെ പരിചയപ്പെടുത്തുന്ന പ്രദർശനവുമെല്ലാം സംഘടിപ്പിച്ചിരുന്നു. 
വിനോദ മേഖലയിൽ ലോകത്തിലെ വൻകിട കമ്പനികളുമായാണ് ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റി ധാരണയിലെത്തിയിട്ടുള്ളത്. 'സൗദിയിൽ വിനോദ മേഖലയുടെ ഭാവി' എന്ന ശീർഷകത്തിൽ അതോറിറ്റി ലോസ് ആഞ്ചലസിൽ വ്യവസായ പ്രമുഖകർക്കായി സംഘടിപ്പിച്ച ഉച്ചകോടിയിലായിരുന്നു തന്ത്രപ്രധാനമായ കരാറുകളുണ്ടായത്. സൗദിയിലെ ആദ്യ സിനിമാ തിയേറ്റർ ഏപ്രിൽ 18 ന് റിയാദിൽ പ്രവർത്തനം ആരംഭിക്കുകയാണ്. രാജ്യവ്യാപകമായി 40 തിയേറ്ററുകളാണ് താമസിയാതെ നിലവിൽ വരുന്നത്. ഈ മേഖലകളിലെല്ലാം സാങ്കേതിക വിദഗ്ധർക്ക് ഒട്ടേറെ തൊഴിൽ സാധ്യതകളാണ് തുറക്കപ്പെടുന്നത്. വിദേശികൾ കൂടൊഴിയുന്നുവെന്ന് പറയുമ്പോഴും സൗദി തൊഴിൽ വിപണിയിൽ സ്വദേശികളെ അപേക്ഷിച്ച് വിദേശികൾ ഇപ്പോഴും നാലിരട്ടിയാണെന്ന് സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകളും വ്യക്തമാകുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് സൗദി തൊഴിൽ വിപണിയിലെ സാധ്യതകൾ അവസാനിക്കുന്നില്ല, പുതിയത് ഉണ്ടാകുന്നുവെന്നാണ്.
 

Latest News