Sorry, you need to enable JavaScript to visit this website.

പ്ലസ് വണ്‍ പ്രവേശനം തിങ്കളാഴ്ച മുതല്‍; സീറ്റുകള്‍ കൂട്ടി

തിരുവനന്തപുരം- സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനത്തിന് തിങ്കളാഴ്ച മുതല്‍ 18 വരെ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കും. ഒരു റവന്യു ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ചേര്‍ത്ത് ഒരൊറ്റ അപേക്ഷ മതിയാകുന്ന ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം.

ഒരാള്‍ ഒന്നിലേറെ ജില്ലകളിലേക്ക് അപേക്ഷിക്കുന്നതില്‍ തടസ്സമില്ല. 10 ാം ക്ലാസില്‍ നേടിയ മാര്‍ക്കുകള്‍ പ്രത്യേക രീതിയില്‍ കൂട്ടിയെടുക്കുന്ന WGPA (വെയ്റ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ്) അടിസ്ഥാനമാക്കിയാണ് റാങ്ക് തീരുമാനിക്കുന്നത്. റാങ്ക്, കുട്ടികളുടെ താല്‍പര്യം, സീറ്റുകളുടെ ലഭ്യത എന്നിവ പരിഗണിച്ച് കംപ്യൂട്ടര്‍ പ്രോഗ്രാം വഴി സെലക്ഷനും അലോട്ട്‌മെന്റും നടത്തും.
ജില്ലകളിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവും മൂന്ന് ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 20 ശതമാനവും പ്ലസ് വണ്‍ സീറ്റ് വര്‍ധന അനുവദിച്ചുള്ള ഉത്തരവിറങ്ങി.

തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറികളിലാണ് 30 ശതമാനം സീറ്റ് വര്‍ധന അനുവദിച്ചത്. ഇതേ ജില്ലകളിലെ എയ്ഡഡ് ഹയര്‍സെക്കന്‍ഡറികളില്‍ 20 ശതമാനം സീറ്റും വര്‍ധിപ്പിച്ചു. എയ്ഡഡ് സ്‌കൂളുകള്‍ ആവശ്യപ്പെടുന്ന പക്ഷം പത്ത് ശതമാനം സീറ്റ് കൂടി വര്‍ധിപ്പിക്കും.

കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറികളിലാണ് 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ചത്. ഇതിനുപുറമെ കഴിഞ്ഞവര്‍ഷം താല്‍ക്കാലികമായി അനുവദിച്ച 79 ഉള്‍പ്പെടെ 81 ബാച്ചുകള്‍ ഈ വര്‍ഷവും തുടരാനും സര്‍ക്കാര്‍ ഉത്തരവിലൂടെ അനുമതിയായി.

 

Latest News