കരിപ്പൂരിലെ ട്രാഫിക് മനസ്സിലാക്കി സൗദി അറേബ്യൻ എയർലൈൻസ് മാത്രമാണ് എങ്ങനെയങ്കിലും സർവീസ് പുനരാരംഭിക്കാൻ തയാറായി രംഗത്തുള്ളത്. എമിറേറ്റ്‌സും മറ്റു വിദേശ കമ്പനികളും പോലെ എയർ ഇന്ത്യയും വൈഡ് ബോഡി
ഫ്‌ളൈറ്റ് പുനരാരംഭിക്കുന്ന വിഷയത്തിൽ നിശ്ശബ്ദമാണിപ്പോൾ. കോഴിക്കോട്ട് 2015 ന് മുമ്പ് എമിറേറ്റ്‌സും സൗദിയും ഖത്തറും ലാന്റ് ചെയ്തപ്പോൾ ഇത്തരം വിശദവും തുടർച്ചയായതുമായ അന്വേഷണങ്ങളൊന്നുമില്ലായിരുന്നുവെന്ന കാര്യം നമ്മുടെ ജനപ്രതിനിധികളെ ഓർമിപ്പിക്കുന്നത് നല്ലതാണ്.
ദക്ഷിണ കേരളത്തിൽ അടുത്തിടെ ഒരു റെയിൽ പാത ഉദ്ഘാടനം നടന്നു. ചെങ്കോട്ടയിൽ നിന്ന് കൊല്ലത്തേക്കുള്ള മീറ്റർ ഗേജ് പാത ബ്രോഡ് ഗേജാക്കി മാറ്റിയതിന്റെ ഉദ്ഘാടന ആഘോഷമാണ് വിവാദമായത്. കൊല്ലം എം.പി പ്രേമചന്ദ്രന്റെ പടവും എൻജിനിൽ ഘടിപ്പിച്ചാണ് പാതയിലെ കന്നി ട്രെയിൻ കടന്നു വന്നത്. ഇതിന്റെ ക്രെഡിറ്റ് മുഴുവൻ പ്രേമചന്ദ്രൻ ഏറ്റെടുക്കുന്നതിൽ വിഷമവുമായി കൊടിക്കുന്നിൽ സുരേഷ് എം.പി ഇതേ ട്രെയിനിൽ യാത്രക്കാരനായുണ്ട്. അദ്ദേഹം നിരാഹാരമിരുന്നതിന്റെ ഫലമായാണ് ഇത്രയും പെട്ടെന്ന് ട്രെയിൻ ഓടിതുടങ്ങിയതെന്നാണ് വാദം. നല്ല കാര്യം. ഇതിനാണല്ലോ ജനപ്രതിനിധികളെ തെരഞ്ഞെടുത്ത് പാർലമെന്റിൽ അയക്കുന്നത്. മുപ്പതാം വയസ്സിലെത്തി നിൽക്കുന്ന കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം മലബാർ പ്രദേശത്തിന്റെ വികസനത്തിൽ നിർണായക പങ്ക് വഹിച്ചുവെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. കസ്റ്റംസ്, എമിഗ്രേഷൻ വിഭാഗങ്ങളെ കുറിച്ച് എന്തൊക്കെ പരാതി പറഞ്ഞാലും സ്വന്തം നാട്ടിൽ ചെന്നിറങ്ങുന്നതിന്റെ സൗകര്യമോർത്താണ് പ്രവാസികൾ കണക്ഷൻ ഫ്‌ളൈറ്റുകൾ പിടിച്ചും കരിപ്പൂരിൽ വന്നിറങ്ങുന്നത്.
കേരളത്തിന് ഓണസമ്മാനമായി ഈ വർഷം പാതിയോടെ കണ്ണൂരിൽ പുതിയ അന്താരാഷ്ട്ര വിമാനത്താവളം തുറക്കും. ഇതോടെ കരിപ്പൂരിലെ കാലിക്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിന്റെ ഭാവി എന്താവുമെന്ന ആശങ്ക കൂടിവരികയാണ്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ മലപ്പുറം എം.പി പി.കെ കുഞ്ഞാലിക്കുട്ടി ദൽഹിയിൽ കേന്ദ്ര സിവിൽ ഏവിയേഷൻ ഡയരക്ടർ ജനറൽ ബി.എസ് മുള്ളറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വൈഡ് ബോഡി വിമാനങ്ങൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യമാണ് പാർലമെന്റിലെ പ്രദേശത്തെ പ്രതിനിധി മുന്നോട്ട് വെച്ചത്. ഇതിന് ഡി.ജി.സിഎ അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. പൊതുമേഖലാ സ്ഥാപനമായ കാലിക്കറ്റ് എയർപോർട്ടിന്റെ കാര്യത്തിൽ പുത്തൻ പ്രതീക്ഷകൾ നാമ്പിട്ടത് ഇതോടെയാണ്. രണ്ടാഴ്ചക്കകം വലിയ വിമാനങ്ങൾ ഇറങ്ങുമെന്ന വിധത്തിൽ വാർത്തകൾ പ്രചരിക്കുകയും ചെയ്തു.
വിദേശ മലയാളികൾ ഏറെ ആഹ്ലാദിച്ച വാർത്തയാണിത്. രണ്ടാഴ്ച കൊണ്ട് സംഭവിച്ചില്ലെങ്കിലും ഏപ്രിലിലെ സമ്മർ ഷെഡ്യൂളിലെങ്കിലും കാലിക്കറ്റിൽ നിന്ന് വിദൂര ദിക്കുകളിലേക്ക് വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് പലരും കരുതി. കണ്ണൂരിൽ നിന്ന് വിമാനങ്ങൾ ടേക്ക് ഓഫ് ചെയ്തു തുടങ്ങിയാൽ പിന്നെ കാലിക്കറ്റിന്റെ കാര്യം പറഞ്ഞ് വിലപിച്ചിട്ട് കാര്യമില്ല.
കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുക വഴി മലബാർ മേഖലയിൽ വ്യവസായ, കാർഗോ, ടൂറിസം മുന്നേറ്റത്തിൽ കുതിപ്പുണ്ടാക്കാനാവും. സൗദി അറേബ്യയിലെ ജിദ്ദയിലും മറ്റുമുള്ള പതിനായിരക്കണക്കിന് പ്രവാസി മലയാളികളുടെ യാത്ര എളുപ്പമാവുകയും ചെയ്യും. സൗദി അറേബ്യയിലെ പ്രവാസികളിൽ നല്ലൊരു ശതമാനം ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളം കുറച്ചു കാലമായി അടച്ചിട്ട അവസ്ഥയിലായിരുന്നു.
നാട്ടിലെ അവധിക്കാലത്ത് ഗൾഫിലേക്കും മെയ്-ജൂണിൽ തുടങ്ങുന്ന ഗൾഫിലെ അവധി-റമദാൻ പെരുന്നാൾ സീസണിലും കോഴിക്കോട്ടേക്കുള്ള യാത്ര ദുരിതപൂർണമായിരുന്നു. എയർ ഇന്ത്യ ജിദ്ദ-കാലിക്കറ്റ് നേരിട്ട് സർവീസ് തുടങ്ങിയത് മുതൽ കുടുംബിനികളെയും മക്കളെയും തനിച്ച് നാട്ടിലേക്കും തിരിച്ചും യാത്ര അയച്ചിരുന്നവരാണ് മലബാർ മേഖലയിൽ നിന്നുള്ള പ്രവാസികൾ.
റൺവേ റീ-കാർപറ്റിംഗിന്റെ പേരിലാണ് ജംബോ വിമാനങ്ങൾ 2015 മെയ് ഒന്നു മുതൽ നിർത്തിയപ്പോൾ എയർ ഇന്ത്യ, സൗദി എയർലൈൻസ് വിമാനക്കമ്പനികളുടെ ജിദ്ദ, റിയാദ് മേഖലയിലെ നേരിട്ടുളള സർവ്വീസുകളാണ് പൂർണമായും നിലച്ചത്. ഉത്തര കേരളത്തിലെ പ്രവാസികൾ കഴിഞ്ഞ കുറച്ചു കാലമായി കൊണ്ടോട്ടിക്കടുത്തുള്ള കരിപ്പൂർ വിമാനത്താവളത്തിലാണ് ചെന്നിറങ്ങിയിരുന്നത്.
2000 ൽ പുതിയ നൂറ്റാണ്ട് പിറന്നപ്പോൾ ജിദ്ദ, റിയാദ് നഗരങ്ങളിലെ പ്രവാസികൾക്ക് കാലിക്കറ്റിൽ നേരിട്ട് വന്നിറങ്ങാൻ പറ്റിയിരുന്നില്ല. എയർ ഇന്ത്യയുടെയും ഇന്ത്യൻ എയർലൈൻസിന്റേയും എയർബസ് വിമാനങ്ങൾ ഹബ് ആന്റ് സ്‌പോക്ക് സമ്പ്രദായത്തിൽ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് പറന്നിരുന്നത്. അർധരാത്രി മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിലെത്തുന്ന സൗദി യാത്രക്കാരെ നേരം വെളുക്കുമ്പോൾ എയർ ഇന്ത്യ കോഴിക്കോട്ടേക്ക് മറ്റൊരു വിമാനത്തിൽ കൊണ്ടുപോകും. ജിദ്ദ/റിയാദ് വിമാനത്താവളങ്ങളിൽനിന്ന് ബോർഡിംഗ് പാസെടുത്ത യാത്രക്കാരൻ കസ്റ്റംസ്, എമിഗ്രേഷൻ നടപടിക്രമങ്ങൾ ഫൈനൽ ഡെസ്റ്റിനേഷനായ കോഴിക്കോട്ട് പൂർത്തിയാക്കിയാൽ മതിയായിരുന്നു. നാലോ, അഞ്ചോ മണിക്കൂർ മുംബൈയിലിരുന്നാൽ മതി. അതിന് ശേഷമാണ് എയർ ഇന്ത്യ കാലിക്കറ്റ്-ജിദ്ദ റൂട്ടിൽ നോൺ സ്റ്റോപ്പ് വിമാനങ്ങൾ തുടങ്ങിയത്. ക്രമേണ സൗദി അറേബ്യൻ എയർലൈൻസുമെത്തി.
നാലു ദശകങ്ങളിലെ കാത്തിരിപ്പിനു ശേഷം കോഴിക്കോട് വിമാനത്താവളം 1988 ഏപ്രിൽ പതിമൂന്നിനാണ് ഉദ്ഘാടനം ചെയ്തത്. 92 ൽ ആദ്യ അന്താരാഷ്ട്ര സർവീസും തുടങ്ങി. കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് വലിയ വിമാനങ്ങൾ സർവീസ് തുടങ്ങുന്നതിന്, പറഞ്ഞിരുന്ന തടസ്സം റൺവേയുടെ ദൈർഘ്യക്കുറവായിരുന്നു. ആറായിരം അടി ദൈർഘ്യമുള്ള റൺവേയിൽനിന്ന് ചെറിയ വിമാനങ്ങൾക്കേ സർവീസ് നടത്താൻ സാധിച്ചിരുന്നുള്ളൂ. ഉത്തർപ്രദേശുകാരനായ അമിതാഭ് കാന്ത് (ദൽഹിയിൽ പ്രധാനമന്ത്രിയുടെ ഓഫീസിലാണ് അദ്ദേഹത്തിന്റെ സേവനമിപ്പോൾ) കോഴിക്കോട്ട് ജില്ലാ കലക്ടറായിരുന്ന വേളയിൽ, 1994 ലാണ് മലബാർ അന്താരാഷ്ട്ര വിമാനത്താവളമെന്ന സ്വപ്‌നം യാഥാർഥ്യമാക്കാൻ റൺവേ വികസിപ്പിക്കുകയെന്ന ആശയം മുന്നോട്ടുവെച്ചത്. വലിപ്പമേറിയ ജംബോ വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാൻ പാകത്തിൽ റൺവേ ഒമ്പതിനായിരം അടിയായെങ്കിലും ഉയർത്തണമെന്നതായിരുന്നു പ്രധാന നിർദേശം. അറുപത് കോടി രൂപ ചെലവ് വരുന്നതായിരുന്നു പദ്ധതി. അന്നത്തെ കോഴിക്കോട് എം.പി കെ. മുരളീധരനും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും രംഗത്തിറങ്ങി. ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ച് ധനസമാഹരണം നടത്തി. ഹഡ്‌കോയിൽനിന്ന് വായ്പയെടുത്താണെങ്കിലും റൺവേ വികസനം പൂർത്തിയായി. ബാധ്യത തീർക്കാൻ യാത്രക്കാർ ആദ്യ ഏതാനും വർഷങ്ങളിൽ 500 രൂപയും പിന്നീട് 375 രൂപയും യൂസേഴ്‌സ് ഫീ നൽകേണ്ടിവന്നു. ജംബോ വിമാനങ്ങൾക്ക് സർവീസ് നടത്താൻ പാകത്തിൽ റൺവേ വകസിപ്പിച്ചു. വിമാനങ്ങൾക്ക് സൗകര്യപ്രദമായി ലാൻഡ് ചെയ്യാൻ ഇൻസ്ട്രുമെന്റൽ ലാൻഡിംഗ്, നൈറ്റ് ലാൻഡിംഗ് സംവിധാനങ്ങളും ഏർപ്പെടുത്തി. കോഴിക്കോടിന്റെ സാധ്യത മനസ്സിലാക്കി വിദേശ വിമാന കമ്പനികൾ വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്ന് കാലിക്കറ്റിലേക്ക് സർവീസുകൾ ഏർപ്പെടുത്തി. കാലിക്കറ്റിൽ അറ്റകുറ്റപ്പണി തുടർന്നപ്പോൾ യാത്ര കൊച്ചി വഴിയാക്കിയവരാണ് കൂടുതലും. ജിദ്ദ-കരിപ്പൂർ റൂട്ടിലെ എയർ ഇന്ത്യയും സൗദി അറേബ്യൻ എയർലൈൻസും ഷെഡ്യൂൾ കൊച്ചിക്ക് മാറ്റുകയാണ് ചെയ്തത്. എന്നാൽ ദുബായിൽനിന്ന് കോഴിക്കോട്ടേക്ക് മറ്റു ഗൾഫ് നഗരങ്ങളിൽനിന്ന് കണക്ഷനോടെ സർവീസ് നടത്തിയിരുന്ന എമിറേറ്റ്‌സ് തൽക്കാലം റൂട്ട് ഉപേക്ഷിക്കുകയാണ് ചെയ്തത്. കൊച്ചി വഴി എല്ലാവർക്കും യാത്ര ചെയ്യാനാവാത്ത സാഹചര്യം സംജാതമായപ്പോൾ പീക് സീസണിൽ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു.
മഴക്കാലത്ത് ഗൾഫിലെ വെക്കേഷൻ സീസണിൽ ധാരാളം കുടുംബങ്ങൾ കൊച്ചി വിമാനത്താവളത്തിൽ വന്നിറങ്ങി. ഗൾഫിൽനിന്ന് കൊച്ചിയിലെത്തുന്ന യാത്രക്കാർ ഉത്തര കേരളത്തിലെ ജില്ലകളിലെ സ്വദേശങ്ങളിലെത്തേണ്ടത് അവരുടെ മാത്രം കാര്യമാണെന്ന നിലപാടായിരുന്നു വിമാന കമ്പനികൾക്ക്. വൈകാതെ ഹജ് തീർഥാടനവും കൊച്ചിയിലേക്ക് മാറ്റി. കരിപ്പൂരിൽ നിർമിച്ച ഒന്നാന്തരം ഹജ് ഹൗസിനെ നോക്കുകുത്തിയാക്കിയായിരുന്നു ഈ മാറ്റം. ഉത്തര കേരളത്തിൽനിന്നുള്ള പ്രായം ചെന്ന തീർഥാടകർ തലേ ദിവസം ആലുവയിലെത്തി ക്യാമ്പ് ചെയ്താലേ യാത്ര പുറപ്പെടാനാവൂ.
കോഴിക്കോട് വിമാനത്താവളത്തിന്റെ പശ്ചാത്തല പ്രദേശം തമിഴ്‌നാട്ടിലെ നീലഗിരി, കർണാടകയിലെ മൈസൂർ, കുടക് ജില്ലകൾക്ക് പുറമേ വടക്കൻ കേരളത്തിലെ കാസർകോട് മുതൽ പാലക്കാട് വരെയുള്ള ആറ് ജില്ലകളുമുൾപ്പെടുന്നു. എയർ ഇന്ത്യക്ക് ഏറ്റവും വരുമാനമുണ്ടാക്കിക്കൊടുത്തിരുന്നതും ഈ വിമാനത്താവളമാണ്.
കോമൺവെൽത്ത് രാഷ്ട്രങ്ങൾ തമ്മിലുള്ള ധാരണയനുസരിച്ച് കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്ന വിദേശ വിമാനക്കമ്പനിയായ ശ്രീലങ്കൻ എയർലൈൻസ് കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനിടെ മലബാറിലെ യാത്രക്കാരുടെ മതിപ്പ് പിടിച്ചു പറ്റുകയും ചെയ്തു. കൊളംബോ-കാലിക്കറ്റ് സെക്ടറിൽ നിത്യേന രണ്ട് വിമാനങ്ങൾ പറത്തിയിരുന്ന ശ്രീലങ്കൻ എയർലൈൻസും പിന്മാറിയ വിമാനങ്ങളിൽ പെടുന്നു. 2015 ഏപ്രിൽ 30 നാണ് റൺവേ അറ്റകുറ്റപ്പണിയുടെ പേരിൽ വലിയ വിമാനങ്ങളുടെ സർവീസ് നിർത്തിയത്. ഉടൻ തന്നെ കരിപ്പൂരിൽ നിന്നും ആത്യാധുനിക സാങ്കേതിക ശക്തിയുള്ള ഡ്രീംലൈനർ ഉൾപ്പെടെ പുത്തൻ വിമാനങ്ങൾ കരിപ്പൂരിൽ സർവീസ് തുടങ്ങുന്നതോടെ കരിപ്പൂർ ഇന്ത്യയിലെ ലാഭമുണ്ടാക്കുന്ന വിമാനത്താവളങ്ങളിലൊന്നായി മാറും. കരിപ്പൂർ വിമാനത്താവള വിഷയവുമായി ബന്ധപ്പെട്ട് കത്തെഴുത്ത് മത്സരമാണ് ഇപ്പോൾ നടന്നു വരുന്നത്. പണ്ട് ലാന്റ് ചെയ്തിരുന്ന ഗൾഫ് വിമാന കമ്പനികളോട് കോഴിക്കോട്ട് ഇറങ്ങുന്നതിനെ പറ്റി എന്താണ് അഭിപ്രായമെന്ന് ചോദിച്ചു ചോദിച്ച് സമയം കളയുക.
കരിപ്പൂരിലെ ട്രാഫിക് മനസ്സിലാക്കി സൗദി അറേബ്യൻ എയർലൈൻസ് മാത്രമാണ് എങ്ങനെയങ്കിലും സർവീസ് പുനരാരംഭിക്കാൻ തയാറായി രംഗത്തുള്ളത്. എമിറേറ്റ്‌സും മറ്റു വിദേശ കമ്പനികളും പോലെ എയർ ഇന്ത്യയും വൈഡ് ബോഡി ഫ്‌ളൈറ്റ് പുനരാരംഭിക്കുന്ന വിഷയത്തിൽ നിശ്ശബ്ദമാണിപ്പോൾ. കോഴിക്കോട്ട് 2015 ന് മുമ്പ് എമിറേറ്റ്‌സും സൗദിയും ഖത്തറും ലാന്റ് ചെയ്തപ്പോൾ ഇത്തരം വിശദവും തുടർച്ചയായതുമായ അന്വേഷണങ്ങളൊന്നുമില്ലായിരുന്നുവെന്ന കാര്യം നമ്മുടെ ജനപ്രതിനിധികളെ ഓർമിപ്പിക്കുന്നത് നല്ലതാണ്.