തൊടുപുഴ- ഇടുക്കിയില്‍ നായാട്ടിനിടെ ആദിവാസി യുവാവ് വെടിയേറ്റു മരിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട മഹേന്ദ്രന്റെ സുഹൃത്തുക്കളായ സാംജി, ജോമി,മുത്തയ്യ എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ മറവ് ചെയ്ത മഹേന്ദ്രന്റെ മൃതദേഹം പോതമേട് ഭാഗത്ത് നിന്ന് പോലീസ് കണ്ടെത്തി. ബൈസണ്‍വാലി ഇരുപതേക്കര്‍ കുടിയില്‍ മഹേന്ദ്രനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജാക്കാട് പോലീസ് അന്വേഷണം ആരംഭിച്ചത്.കഴിഞ്ഞ മാസം 27 ന് മഹേന്ദ്രനുള്‍പ്പെടെയുള്ള നാലംഗ സംഘം മൂന്നാര്‍ പോതമേട് വനമേഖലയില്‍ നായാട്ടിന് പോയതായി പോലീസിന് വിവരം ലഭിച്ചിരുന്നു.മഹേന്ദ്രനെ കാണാതായ ദിവസം പ്രതികള്‍ക്കൊപ്പം ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നതിന്റെ സി.സി ടി.വി ദൃശ്യവും പോലീസിന് ലഭിച്ചു.അന്വേഷണം തങ്ങളിലേക്കെത്തുമെന്നറിഞ്ഞതോടെ മൂന്ന് പേരും പോലീസില്‍ കീഴടങ്ങി. കാട്ടിലൂടെ നടക്കുന്നതിനിടെ മഹേന്ദ്രന്റെ മഴക്കോട്ടിലെ തിളങ്ങുന്ന ബട്ടണ്‍ കണ്ട് മൃഗത്തിന്റെ കണ്ണാണെന്ന് തെറ്റിദ്ധരിച്ച് വെടിയുതിര്‍ത്തെന്നും പേടി മൂലം മൃതദേഹം വനത്തില്‍ മറവ് ചെയ്‌തെന്നുമായിരുന്നു ഇവര്‍ പോലീസിന് നല്‍കിയ മൊഴി.
തുടര്‍ന്ന് പ്രതികളുമായി സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയ പോലീസ് മൃതദേഹം പുറത്തെടുത്തു. വെടി വയ്ക്കാനുപയോഗിച്ച തോക്കും അനുബന്ധ വസ്തുക്കളും സമീപത്ത് നിന്ന് കണ്ടെടുത്തു. മഹേന്ദ്രന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും.