തിരുവനന്തപുരം- നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രക്തപരിശോധനയ്ക്കിടെ ലേബര്‍റൂമിലെ റേഡിയന്റ് വാമറില്‍നിന്ന് നവജാതശിശു നിലത്തുവീണു. തലയോട്ടിക്ക് പൊട്ടലുണ്ട്.കാഞ്ഞിരംകുളം, ലൂര്‍ദുപുരം സന്ധ്യാലയത്തില്‍ സുരേഷിന്റെയും ഷീലയുടെയും നാലുദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനാണ് അപകടമുണ്ടായത്. സ്‌കാന്‍ ചെയ്തപ്പോള്‍ തലയോട്ടിക്ക് പൊട്ടല്‍ കണ്ടതിനെത്തുടര്‍ന്ന് കുഞ്ഞിനെ എസ്.എ.ടി. ആശുപത്രിലേക്കു മാറ്റി. നിലവില്‍ കുഞ്ഞിന്റെ നില തൃപ്തികരമാണെന്ന് എസ്.എ.ടി. ആശുപത്രി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. ചൊവ്വാഴ്ചയാണ് ജനറല്‍ ആശുപത്രിയില്‍ ഷീല ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. ശനിയാഴ്ച ആശുപത്രി വിടാനിരിക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞിന്റെ ശരീരത്തില്‍ മഞ്ഞനിറം കണ്ടതിനാല്‍ രക്തപരിശോധന നടത്തിയശേഷം ആശുപത്രി വിടാമെന്ന് അറിയിച്ചു.
തുടര്‍ന്ന് രാവിലെ പത്തുമണിയോടെ നഴ്‌സ് എത്തി അമ്മൂമ്മ അനിതയോടൊപ്പം കുഞ്ഞിനെ ലേബര്‍റൂമിലെത്തിച്ചു. ശരീര ഊഷ്മാവ് നിയന്ത്രിക്കുന്നതിനായുള്ള റേഡിയന്റ് വാമറില്‍ കിടത്തിയശേഷം രക്തമെടുക്കുന്നതിനിടെ കുഞ്ഞ് തെറിച്ച് താഴെവീഴുകയായിരുന്നു. മേശയുടെ അത്രയും ഉയരുമുള്ളതാണ് റേഡിയന്റ് വാമര്‍. കുഞ്ഞ് നിലത്തുവീണതോടെ കൂടെയുണ്ടായിരുന്ന അമ്മൂമ്മ നിലവിളിച്ചു. ഇതിനിടെ നഴ്‌സ് കുഞ്ഞിനെ അമ്മയുടെ അടുത്തെത്തിച്ചു. തുടര്‍ന്ന് കുഞ്ഞിന് മുലപ്പാല്‍ നല്‍കി. ഇതിനുശേഷം സി.ടി. സ്‌കാന്‍ എടുത്തു. തുടര്‍ന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആംബുലന്‍സില്‍ കുഞ്ഞിനെ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്കു മാറ്റി.
എസ്.എ.ടി.യില്‍ ന്യൂബോണ്‍ ഐ.സി.യു.വില്‍ കുഞ്ഞ് നിരീക്ഷണത്തിലാണ്. ആശുപത്രിജീവനക്കാരുടെ പിഴവാണ് അപകടത്തിനു കാരണമായതെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു.