Sorry, you need to enable JavaScript to visit this website.

ഷാജ് കിരണിന്റെ രഹസ്യമൊഴി ബുധനാഴ്ച രേഖപ്പെടുത്തും

കൊച്ചി- സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെതിരായ ഗൂഢാലോചനാക്കേസില്‍ ഷാജ് കിരണിന്റെ രഹസ്യ രേഖപ്പെടുത്തും. ബുധനാഴ്ച വൈകിട്ട് 3ന് പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിലെത്തി മൊഴി നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഗൂഢാലോചന കേസില്‍ ഷാജ് കിരണിന്റെ സുഹൃത്ത് ഇബ്രാഹിം രഹസ്യമൊഴി നല്‍കിയിരുന്നു. മുഖ്യമന്ത്രിയ്‌ക്കെതിരെ സ്വപ്‌നയും കൂട്ടരും ഗൂഢാലോചന നടത്തിയെന്ന കേസിന് ബലം പകരുന്നതാണ് ക്രൈംബ്രാഞ്ചിന്റെ ഈ നീക്കം. സ്വപ്‌ന സുരേഷ് കോടതിയില്‍ നല്‍കിയിട്ടുള്ള രഹസ്യമൊഴിയും ഷാജ്കിരണിന്റെയും ഇബ്രാഹിമിന്റെയും മൊഴികള്‍ തമ്മിലുള്ള പൊരുത്തക്കേടുകള്‍ കേസുകളില്‍ നിര്‍ണായകമാകും.
ഷാജ് കിരണ്‍ മുഖ്യമന്ത്രിക്ക് വേണ്ടി തന്നെ കാണാനെത്തിയെന്നും, ഭീഷണിപ്പെടുത്തി കേസില്‍ നിന്നും ആരോപണങ്ങളില്‍ നിന്നും പിന്‍മാറണമെന്നും ആവശ്യപ്പെട്ടുവെന്നുമെന്ന് സ്വപ്‌ന ആരോപിച്ചിരുന്നു. ഇയാളുമായുള്ള ഫോണ്‍ സംഭാഷണവും സ്വപ്‌ന പുറത്ത് വിട്ടിരുന്നു. എന്നാല്‍ താനും സ്വപ്‌നയും അടുത്ത സുഹൃത്തുക്കളാണെന്നും സ്വപ്‌ന മറ്റു ചിലരുടെ പ്രേരണയിലാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നുമാണ് ഷാജ്കിരണ്‍ പറയുന്നത്. സ്വപ്‌നയുടെ സുപ്രധാന ദൃശ്യങ്ങളടങ്ങിയ ഇബ്രാഹിമിന്റെ ഫോണ്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്. ഇത് ഫൊറന്‍സിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഈ ഫോണിലെ ഡിലീറ്റ് ചെയ്ത ദൃശ്യങ്ങള്‍ വീണ്ടെടുത്ത് പുറത്തുവിടുമെന്ന് ഷാജ്കിരണും ഇബ്രാഹിമും പറഞ്ഞിരുന്നെങ്കിലും പിന്നീട് നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ പോലീസിന് കൈമാറുകയായിരുന്നു.
ഷാജ് കിരണിനെ സ്വപ്‌നക്കെതിരായ സാക്ഷിയാക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമിക്കുമ്പോള്‍ ഇയാളെ കേസില്‍ പ്രതിയാക്കാന്‍ ശ്രമിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റ്. സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷാജ് കിരണിനെയും സുഹൃത്ത് ഇബ്രാഹിമിനെയും ഇ ഡി കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചോദ്യം ചെയ്തിരുന്നു. മുഖ്യമന്ത്രിയടക്കമുളളവര്‍ക്കെതിരായ ആരോപണങ്ങളില്‍ നിന്ന് പിന്‍മാറാന്‍ ഷാജ് കിരണ്‍ തന്നെ സമീപിച്ചതായാണ് സ്വപ്‌ന മൊഴി നല്‍കിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരില്‍ നിന്ന് വിവരങ്ങള്‍ തേടി. അന്ന് ഫോണടക്കം ഹാജരാക്കണമെന്ന് ഇഡി ആവശ്യപ്പെട്ടെങ്കിലും അതിന് കഴിയില്ലെന്നും ക്രൈംബ്രാഞ്ചിന്റെ പക്കലാണുള്ളതെന്നുമായിരുന്നു ഷാജിന്റെ മറുപടി.

 

 

Latest News