കല്‍പറ്റ-ട്രാഫിക് ജംഗ്ഷന്‍-കൈനാട്ടി ബൈപാസ് പ്രവൃത്തിയില്‍ വീഴ്ച വരുത്തിയ കെ.ആര്‍.എഫ്.ബി അസിസ്റ്റന്റ് എന്‍ജിനിയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യാനും പ്രൊജക്ട് ഡയറക്ടറോടും എക്‌സിക്യൂട്ടീവ് എന്‍ജിനിയറോടും വിശദീകരണം ചോദിക്കാനും തീരുമാനിച്ചതായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ബൈപാസ് സഞ്ചാരയോഗ്യമാക്കുന്ന പ്രവൃത്തി പൂര്‍ത്തിയാകാത്തതു ജൂണ്‍ നാലിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡി.ഐ.സി.സി യോഗത്തിലെ പ്രധാന അജന്‍ഡയായിരുന്നു. പ്രവൃത്തി നീണ്ടുപോകുന്നത് യോഗം പ്രത്യേകം ചര്‍ച്ച ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടാഴ്ചയ്ക്കകം കുഴികള്‍ അടച്ച് റോഡ് സഞ്ചാരയോഗ്യമാക്കാനും ആറു മാസത്തിനകം പ്രവൃത്തി പൂര്‍ത്തിയാക്കാനും യോഗം ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കി. ഇതു പ്രാവര്‍ത്തികമാകാത്ത സാഹചര്യത്തിലാണ് എന്‍ജിനിയര്‍മാര്‍ക്കെതിരേ നടപടിയെടുക്കുന്നത്. കാലാവസ്ഥ അനുകൂലമാകുന്നതിനു അനുസരിച്ച് അടിയന്തരമായി റോഡ് ഗതാഗതയോഗ്യമാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കിയതായി മന്ത്രിയുടെ പോസ്റ്റില്‍ പറയുന്നു.
പ്രവൃത്തി വേഗത്തില്‍ നടത്തുന്നില്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം കരാറുകാരനെതിരേ നടപടി സ്വീകരിക്കാമെന്നു പൊതുമരാമത്ത് സെക്രട്ടറി ജില്ലാ കലക്ടറെ അറിയിച്ചിട്ടുണ്ട്.