കിളിമാനൂര്‍- ഖത്തറിലെ വ്യവസായി അബ്ദുല്‍ സത്താര്‍ ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘമാണ് മടവൂരിലെ മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയതെന്ന് റൂറല്‍ എസ.്പി പി.അശോക് കുമാര്‍ അറിയിച്ചു. ഓച്ചിറ സ്വദേശിയായ അബ്ദുല്‍ സത്താറാണ് കേസില്‍ ഒന്നാം പ്രതി. സാമ്പത്തിക കേസുമായി ബന്ധപ്പെട്ടു ഖത്തറില്‍ യാത്രാവിലക്കുള്ള സത്താറിനെ അറസ്റ്റ് ചെയ്യാനുള്ള നിയമനടപടികളുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. കുടുംബ ജീവിതം തകര്‍ത്തതിലുള്ള വൈരാഗ്യമാണ് സത്താറിനെ ക്വട്ടേഷന്‍ നല്‍കാന്‍ പ്രേരിപ്പിച്ചത്.
ഖത്തറില്‍ നൃത്താധ്യാപികയായ യുവതിയും രാജേഷുമായുള്ള അടുപ്പം കാരണമാണ് സത്താറിന്റെ കുടുംബജീവിതം തകര്‍ന്നത്. ഭാര്യയുമായി അകന്നതോടെ ബിസിനസും തകര്‍ന്നു. ഈ വൈരാഗ്യത്തിലാണു രാജേഷിനെ വകവരുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത്. ക്വട്ടേഷന്‍ ഏറ്റെടുത്ത ഓച്ചിറ മേമന പനച്ചമൂട്ടില്‍ വീട്ടില്‍ ജെ.മുഹമ്മദ് സാലിഹാണ് (26) കേസില്‍ രണ്ടാം പ്രതി. അലിഭായി എന്നറിയപ്പെട്ടിരുന്ന ഓച്ചിറ സാലി ക്വട്ടേഷന്‍ ഏറ്റെടുക്കാന്‍ ആദ്യം മടിച്ചിരുന്നെങ്കിലും ബിസിനസില്‍ പങ്കാളിയാക്കാമെന്ന വലിയ വാഗ്ദാനത്തെ തുടര്‍ന്നാണ് ഏറ്റെടുത്തത്. കൊലപാതക പദ്ധതി ഖത്തറില്‍ വെച്ചാണ് തയാറാക്കിയത്. സിനിമ നിര്‍മിക്കാനെന്ന പേരില്‍ നാട്ടിലെത്തിയാണ് കൃത്യം നടത്തിയത്.
സത്താറുമായി വേറിട്ട് കഴിയുന്ന യുവതിയേയും ആവശ്യമാണെങ്കില്‍ ചോദ്യം ചെയ്യുമെന്ന് റൂറല്‍ എസ്.പി പറഞ്ഞു.
കഴിഞ്ഞ ദിവസം അറസ്റ്റിലായ കരുനാഗപ്പള്ളി പുത്തന്‍തെരുവ് കൊച്ചയത്ത് തെക്കതില്‍ കെ.തന്‍സീര്‍(24) നാലാം പ്രതിയാണ്. മൂന്നാം പ്രതിയായ അപ്പുണ്ണി ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി.
രാജേഷിനെ മുമ്പ് കണ്ടിട്ടില്ലാത്തതിനാല്‍ അലിഭായി അപ്പുണ്ണിയുമൊത്ത് 26-നു രാജേഷിന്റെ മടവൂരിലെ സ്റ്റുഡിയോയിലെത്തിയിരുന്നു. ഹ്രസ്വചിത്രം നിര്‍മിക്കാനുള്ള ആലോചനയെന്ന പേരിലായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ ചെന്നൈയിലെ സ്‌കൂളില്‍ ജോലി ലഭിച്ചതിനാല്‍ പിറ്റേന്നു താന്‍ അങ്ങോട്ട് പോവുകയാണെന്ന് രാജേഷ് അറിയിച്ചു. ഇതോടെയാണ് അന്നു രാത്രി തന്നെ കൊലപാതകം നടത്തിയത്.