മസ്‌കത്ത്- 20 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ഒമാനിലെ സമാഇല്‍ ജയിലില്‍നിന്ന് ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശി സുരേന്ദ്രന്‍ ഗോപാലകൃഷ്ണന്‍ (51) മോചിതനാകുന്നു. ബലിപ്പെരുന്നാളിനോടനുബന്ധിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് മാപ്പ് നല്‍കിയ തടവുകാരുടെ ലിസ്റ്റിലാണ് ഇദ്ദേഹം ഉള്‍പ്പെട്ടിട്ടുള്ളത്. ആകെ 308 പേരാണ് ജയില്‍ മോചിതരായിരിക്കുന്നത്. ഇതില്‍ 119 പേര്‍ വിദേശികളാണ്. കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡംഗം പി.എം. ജാബിറിന്റെ നേതൃത്വത്തിലുള്ള സാമൂഹിക പ്രവര്‍ത്തകരുടെ നിരന്തരമായ ഇടപ്പെടലുകളാണ് ഗോപാലകൃഷ്ണന്റെ മോചനത്തിന് വഴി തെളിഞ്ഞത്.
സഹപ്രവര്‍ത്തകരായ രണ്ടു മലയാളികളെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് ജയിലില്‍ പോകുന്നത്. ഭാര്യ പ്രസവിച്ച സന്തോഷത്തില്‍ നാട്ടിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട വാക്ക് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതത്രെ. 2002ല്‍ ഇസ്‌ക്കിയിലായിരുന്നു സംഭവം. സമാഇലില്‍ താമസിക്കുന്ന ടോണിയുടെ സഹായത്താല്‍ കഴിഞ്ഞ റമദാനില്‍ ഭാര്യ പ്രിയയും മകളും ജയിലില്‍ ഗോപാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസം മാത്രം കൂടെ കഴിഞ്ഞ് വിദേശത്തേക്ക് പോയ ഭര്‍ത്താവിനെ ഇരുപത്തിയൊന്നു വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു പ്രിയ കാണുന്നത്. മകള്‍ വളര്‍ന്ന് ബിരുദധാരിയായിരിക്കുന്നത് നിറകണ്ണുളോടെയാണ് ഗോപാലകൃഷ്ണന്‍ കണ്ടത്. രേഖകള്‍ ശരിയാക്കി വൈകാതെ ഇദ്ദേഹത്തെ നാട്ടിലേക്കയക്കാനാകുമെന്ന് പി.എം. ജാബിര്‍ പറഞ്ഞു.