ജയ്പുർ- മഴമൂലം വെട്ടിച്ചുരുക്കിയ മത്സരത്തിൽ ദൽഹിക്കെതിരെ രാജസ്ഥാന് പത്ത് റൺസ് ജയം. ഇടക്ക് പെയ്ത മഴ ഒരു മണിക്കൂറിലേറെ കളി മുടക്കിയതോടെ ദൽഹിയുടെ വിജയലക്ഷ്യം ആറ് ഓവറിൽ 71 റൺസായി കുറയ്ക്കുകയായിരുന്നു. എന്നാൽ നാല് ഓവറിൽ 60 റൺസെടുക്കാനേ അവർക്ക് കഴിഞ്ഞുള്ളൂ. ബെൻ ലോഗ്ലിൻ രണ്ടും, ജയ്‌ദേവ് ഉനദ്കത് ഒന്നും വിക്കറ്റ് വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 17.5 ഓവറിൽ 153 റൺസെടുത്തപ്പോഴാണ് മഴ എത്തുന്നത്. രണ്ട് സിക്‌സറും രണ്ട് ബൗണ്ടറിയുമടക്കം 22 പന്തിൽ 37 റൺസെടുത്ത മലയാളി താരം സഞ്ജു സാംസൺ തുടർച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങി. ക്യാപ്റ്റൻ അജിങ്ക്യ രഹാനെ (40 പന്തിൽ 45), ജോ ബട്‌ലർ (18 പന്തിൽ 29) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. പതിനൊന്നാം ഐ.പി.എല്ലിൽ രാജസ്ഥാന്റെ ആദ്യ വിജയമാണിത്.