വടകര- എം.എല്‍.എ കെ.കെ. രമക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി സി.പി.എം നേതാവ് എളമരം കരീം. പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിനുള്ള പാരിതോഷികമാണ് രമയുടെ എം.എല്‍.എ സ്ഥാനമെന്നായിരുന്നു പരാമര്‍ശം. ഒഞ്ചിയത്ത് നടന്ന സി.എച്ച് അശോകന്‍ അനുസ്മരണ ചടങ്ങില്‍ വെച്ചായിരുന്നു വിവാദ പരമാര്‍ശം നടത്തിയത്.
വര്‍ഗ ശത്രുക്കളുമായി ചേര്‍ന്ന് കെ.കെ. രമ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വെല്ലുവിളിക്കുകയാണെന്നും എം.എല്‍.എ സ്ഥാനം കിട്ടിയെന്ന് കരുതി അധികം അഹങ്കരിക്കേണ്ടെന്നും എളമരം കരീം പ്രസംഗത്തില്‍ പറയുന്നുണ്ട്. 'വര്‍ഗ ശത്രുക്കളുമായി ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വെല്ലുവിളിക്കുകയാണ്. കുറച്ചാളുകളെ തെറ്റിദ്ധരിപ്പിച്ച് കൂടെ നിര്‍ത്താന്‍ കഴിഞ്ഞുവെന്ന അഹങ്കാരത്തില്‍ വലിയ പ്രകടനങ്ങള്‍ സമ്മേളനങ്ങള്‍. റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി, എന്താണ് റെവല്യൂഷണറി. ഒരു എം.എല്‍.എ സ്ഥാനം കിട്ടിയെന്ന് കരുതി ആരും അഹങ്കരിക്കരുത്. എം.എല്‍.എ ആവാന്‍ അല്ലെങ്കില്‍ ഇതുപോലുള്ള സ്ഥാനം ലഭിക്കാന്‍, ഈ വലിയ പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിന്റെ പാരിതോഷികമായി കിട്ടിയതാണ് എന്നെങ്കിലും ധരിക്കണം. ഒറ്റുകൊടുത്തതിന്റെ പാരിതോഷികമായി ലഭിച്ച എം.എല്‍.എ സ്ഥാനമുപയോഗിച്ച് അഹങ്കരിക്കണ്ട. അതൊന്നും വലിയ സ്ഥാനമാണെന്ന് തെറ്റിദ്ധരിക്കുകയും വേണ്ട,' എളമരം പറയുന്നു.
ഒരു മണിക്കൂറോളം നീണ്ട പ്രസംഗത്തിലായിരുന്നു ഈ പരാമര്‍ശം നടത്തിയത്. ടി.പി. ചന്ദ്രശേഖരനെക്കുറിച്ചും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തെക്കുറിച്ചുമെല്ലാം പ്രസംഗത്തില്‍ സംസാരിച്ചിട്ടുണ്ട്. ടി.പി വധത്തിന് ശേഷം പാര്‍ട്ടി നേതാക്കളെ കേസില്‍ 'കുടുക്കാന്‍' ശ്രമിക്കുകയായിരുന്നെന്നാണ് എളമരം പറഞ്ഞത്. കെ.കെ. രമ വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്. നിയമസഭയില്‍ സ്വര്‍ണക്കടത്ത് അടക്കമുള്ള വിഷയങ്ങളില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിലും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും താന്‍ ഉയര്‍ത്തിയ കടുത്ത നിലപാടുകളാകാം ഒരിടവേളക്ക് ശേഷം ഇത്തരം വിമര്‍ശനം തനിക്കെതിരെ ഉയരാന്‍ കാരണം എന്നാണ് മനസിലാക്കുന്നതെന്ന് കെ.കെ. രമ പ്രതികരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് വടകര മണ്ഡലത്തില്‍ നിന്ന് ആര്‍.എം.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് കെ.കെ. രമ വിജയിച്ചത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഒമ്പതാം പ്രതിയായിരുന്നയാളാണ് സി.എച്ച്. അശോകന്‍. സി.പി.എമ്മിന്റെ ഏരിയാ കമ്മിറ്റി സെക്രട്ടറിയും എന്‍.ജി.ഒ യൂണിയന്റ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു.