റോം- മഹാദ്ഭുതമായിരുന്നു റോമിലെ സ്റ്റേഡിയം ഒളിംപിക്കോയിൽ ചൊവ്വാഴ്ച രാത്രി നടന്നത്. ബാഴ്‌സലോണയും ലിയണൽ മെസ്സിയും ഞെട്ടിപ്പോയ രാത്രി.
4-1ന് ആദ്യ പാദത്തിൽ കനത്ത തോൽവി നേരിട്ട റോമ, സ്വന്തം ഗ്രൗണ്ടിൽ 3-0ന് ബാഴ്‌സക്ക് തകർപ്പൻ തിരിച്ചടി നൽകി മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിൽ കടന്നു. ആദ്യ പാദത്തിലെ തോൽവിയെ ഒരു ദുഃസ്വപ്നം പോലെ മറന്നുകളഞ്ഞ റോമ, പുലികളെപ്പോലെ പൊരുതിയപ്പോൾ മെസ്സിയും കൂട്ടരും ഗോളടിക്കാൻ വഴി കാണാതെ സ്തംഭിച്ചു.
രണ്ടാം പാദത്തിലെ വിജയത്തോടെ ഇരു ടീമുകളും 4-4ന് സമനില ആയെങ്കിലും നൗകാംപിൽ നടന്ന ആദ്യ പാദത്തിൽ നേടിയ എവേ ഗോൾ മികവിൽ റോമ സെമിയിലെത്തുകയായിരുന്നു.
ആദ്യ പാദത്തിലെ കനത്ത തോൽവിക്ക് ഇടയാക്കിയ സെൽഫ് ഗോളുകൾക്ക് കാരണക്കാരായ രണ്ട് പേരും രണ്ടാം പാദത്തിൽ സ്‌കോർ ചെയ്തുവെന്നതായിരുന്നു റോമയുടെ വിജയത്തിന്റെ ഏറ്റവും വലിയ സവിശേഷത. കളി തീരാൻ എട്ട് മിനിറ്റുള്ളപ്പോൾ കോസ്റ്റാസ് മാനോലാസാണ്, ബാഴ്‌സയെ ഞെട്ടിച്ച മൂന്നാം ഗോൾ നേടുന്നത്. മറ്റൊരു സെൽഫ് ഗോൾ വില്ലനായ ക്യാപ്റ്റൻ ഡാനിയേലെ ഡിറോസ്സി നേരത്തെ സ്‌കോർ ചെയ്യുക മാത്രമല്ല ആദ്യ ഗോളിന് അവസരമൊരുക്കുകയും ചെയ്തു.
ഒന്നാംതരം ഹെഡറിലൂടെ മനോലാസ് സ്‌കോർ ചെയ്യുമ്പോൾ ഒളിംപിക്കോ സ്റ്റേഡിയം പൊട്ടിത്തെറിക്കുകയായിരുന്നു. തെറ്റിന് പ്രായശ്ചിത്തം ചെയ്തതിന്റെ ആഹ്ലാദത്തിൽ മതിമറന്ന മനോലാസിനെ സഹതാരങ്ങൾ പൊതിഞ്ഞു.

ലോകത്തെ ഏറ്റവും മികച്ച ടീമിനെ തോൽപിച്ച് ഞങ്ങൾ സെമി ഫൈനലിൽ എത്തിയിരിക്കുന്നു എന്നതാണ് കാര്യം -മത്സര ശേഷം മനോലാസ് പറഞ്ഞു. ആദ്യ പാദത്തിലെ നിർഭാഗ്യകരമായ സംഭവങ്ങൾ മനസ്സിൽ കൊണ്ടുനടക്കില്ലെന്ന് ഞങ്ങൾ ഉറപ്പിച്ചിരുന്നു -ഗ്രീക്ക് താരം പറഞ്ഞു.
ആറാം മിനിറ്റിൽ എഡിൻ സെക്കോയിലൂടെയാണ് റോമ സ്‌കോറിംഗ് തുടങ്ങിയത്. ഡി റോസ്സി നൽകിയ കിറുകൃത്യം പാസിൽ നിന്നായിരുന്നു ബോസ്‌നിയൻ താരത്തിന്റെ ഗോൾ. എന്നാൽ 58-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് ഡിറോസ്സി ശരിക്കും തന്റെ തെറ്റിന് പ്രായശ്ചിത്തം ചെയ്തു. എനിക്ക് സ്വപ്നം കാണാവുന്നതിന്റെ പരമാവധിയാണിതെന്ന് മത്സര ശേഷം ഡിറോസ്സി പറഞ്ഞു.
ആദ്യ പാദത്തിലെ വമ്പൻ വിജയത്തിനു ശേഷം ഇത്തരമൊരു ദുരന്തം ബാഴ്‌സക്ക് വിശ്വസിക്കാനാവാത്തതായിരുന്നു. മെസ്സിയെ വരിഞ്ഞു മുറുക്കിയ റോമാക്കാർ, ബാഴ്‌സയുടെ എല്ലാ ആക്രമണങ്ങളെയും നിഷ്ഫലമാക്കി. വേദനാജനകമായ തോൽവി എന്നായിരുന്നു മത്സരശേഷം ബാഴ്‌സ കോച്ച് ഏണസ്റ്റോ വൽവെർഡെ പറഞ്ഞത്.
ഇതിനു മുമ്പ് 1984ലാണ് റോമ ചാമ്പ്യൻസ് ലീഗ് സെമിയിലെത്തുന്നത്. അന്ന് ഫൈനൽ വരെ മുന്നേറിയ അവർ കലാശപ്പോരാട്ടത്തിൽ ലിവർപൂളിനോട് തോറ്റു. ചൊവ്വാഴ്ച സെമിയിൽ കടന്ന രണ്ടാമത്തെ ടീം ലിവർപൂളാണെന്നതും ശ്രദ്ധേയമായി.