സ്‌കൂള്‍ ബസില്‍നിന്ന് തെറിച്ചുവീണ് ബാലികക്ക് ഗുരുതര പരിക്ക്

കോട്ടയം-  ഓട്ടത്തിനിടെ സ്‌കൂള്‍ ബസിന്റെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തേക്കു തെറിച്ചുവീണു എല്‍.കെ.ജി വിദ്യാര്‍ഥിക്ക് ഗുരുതരമായി പരിക്കേറ്റു. കടുത്തുരുത്തി-പെരുവ റോഡില്‍ മങ്ങാട് ഷാപ്പുംപടി ഭാഗത്താണ് അപകടം. കടുത്തുരുത്തി കൈയാലയ്ക്കല്‍ അനിലിന്റെ മകന്‍ അദൈ്വതിനാണ്് പരിക്കേറ്റത്.
കെ.എസ്. പുരത്തുള്ള സ്വകാര്യസ്‌കൂളിലെ വിദ്യാര്‍ഥിയാണ്. എമര്‍ജന്‍സി വാതില്‍ തനിയെ തുറന്നുപോയതോടെ പുറത്തേക്കു തെറിച്ച കുട്ടി ബസിന്റെ കമ്പിയില്‍ തൂങ്ങിക്കിടന്നതിനുശേഷമാണ് തെറിച്ച് റോഡിലേക്കു വീണതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ബസിന് പുറകിലുണ്ടായിരുന്ന കാര്‍ ഡ്രൈവര്‍ ഹോണ്‍ മുഴക്കിയാണ് ബസ് ജീവനക്കാരെ അപകട വിവരമറിയിച്ചത്. റോഡില്‍വീണ കുട്ടിയെ ഉടന്‍തന്നെ മുട്ടുചിറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.
ഒരു കുട്ടിയെ ഇറക്കിയശേഷം ബസ് മുമ്പോട്ട് എടുക്കുമ്പോഴാണ് അപകടമുണ്ടായതെന്നും പുറകിലെ സീറ്റില്‍ കിടന്ന് ഉറങ്ങുകയായിരുന്ന കുട്ടിയുടെ കൈ തട്ടിയാവാം എമര്‍ജന്‍സി വാതില്‍ തുറന്നുപോയതെന്നും കരുതുന്നതായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.എസ്. രാജു പറഞ്ഞു. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങും. സ്‌കൂള്‍ ബസില്‍നിന്ന് പുറത്തേക്കു തെറിച്ചുവീണ് വിദ്യാര്‍ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കുമെന്ന് വൈക്കം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

 

Latest News