ഈരാറ്റുപേട്ട - സ്ഥിരമായി ജോലി ചെയ്യുന്ന ബസ്സിനോട് ഒരാൾക്ക് അഗാധമായ ഇഷ്ടം തോന്നുമോ. അത്തരം ഒരു ഇഷ്ടത്തെ പ്രണയം എന്ന് വിളിക്കാമോ. അങ്ങനെ വിളിക്കാമോ എന്ന് അറിയില്ലെന്നാണ് ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടർ സമീർ പറയുന്നത്. താൻ നാളുകളായി ജോലി ചെയ്തുകൊണ്ടിരുന്ന ബസ് മറ്റൊരു ഡിപ്പോക്ക് കൈമാറാനുള്ള നിർദേശം ചീഫ് ഓഫീസിൽനിന്ന് വന്നപ്പോൾ തന്റെ ഹൃദയ വേദന സമീർ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആക്കുകയായിരുന്നു. ബസ് കൈമാറിയപ്പോൾ 'കുളിപ്പിച്ച് സുന്ദരനാക്കി വിട്ടു' എന്നും സമീർ കമന്റ് ബോക്‌സിൽ ഫോട്ടോ സഹിതം രേഖപ്പെടുത്തുന്നു.
വൈറലായ ഈ പോസ്റ്റ് വായിക്കാം.
യാത്രയയക്കുക എന്നത് ഏറെ വൈകാരികമായ ഒരു അവസ്ഥയാണ്, പ്രത്യേകിച്ച് നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണങ്കിൽ.നമ്മുടെ സാമൂഹിക ജീവിതത്തിന്റെ പുനർ ക്രമീകരണത്തിന് കാരണമായ എന്തോ ഒന്ന് അതുമായി ബന്ധപ്പെട്ട് കിടക്കുകയാണങ്കിൽ ആ യാത്രയയപ്പിന് ഹൃദയ നൊമ്പരങ്ങളെ പിടിച്ചു നിർത്താനാവാത്ത വിധമുള്ള വേദനകൾ സമ്മാനിച്ചാവും അവ നമ്മെ വിട്ട് പോവുക. അത്തരത്തിൽ ഇഴയടുപ്പം കൂട്ടിയ ഒരുപാട് അനുഭവങ്ങളുടെ പ്രളയമായിരുന്നു RSC 140 എന്ന എന്റെ സ്വന്തം *അന്ന*. ദസ്തയേവിസ് കിക്ക് അന്നയോടുള്ള പ്രണയത്തോളം ഇതിനെ വ്യഖ്യാനിക്കാനാവുമോ എന്നെനിക്കറിയില്ല. ഒന്നറിയാം 14 വർഷത്തെ സർവീസിനിടയിൽ ആരോടും തോന്നാത്ത പ്രണയം ആയിരുന്നു എന്റെ *അന്ന* യോട് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ എനിക്ക് അനുഭവപ്പെട്ടത്.ഇക്കാലത്തിനിടക്ക് രണ്ടു പ്രാവശ്യം മാത്രമാണ് കൂടെ വരില്ല എന്ന് പറഞ്ഞ് പിണങ്ങി വഴിയിൽ നിന്നത് എന്നത് തന്നെ പ്രണയത്തിന്റെ മാറ്റ് കൂട്ടുന്നു.
ഒന്നിനോടും വൈകാരികമായ ഒരു ബന്ധം സൂക്ഷിക്കാൻ പാടില്ല എന്ന് ഇന്ന് വീണ്ടും തിരിച്ചറിയുന്നു. ഒരുപാട് കൊല്ലത്തിനും ശേഷം ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് പടിയിറങ്ങുമ്പോൾ തോന്നുന്ന അതേ നെഞ്ചിടിപ്പ്, കരച്ചിൽ, നഷ്ടബോധം - അതാണീ നിമിഷം അനുഭവിക്കുന്നത്... ഈ വർഷക്കാലം എന്നോടൊപ്പമുണ്ടായിരുന്ന, ഞാൻ ഒപ്പമുണ്ടായിരുന്ന RSC 140 Etpa ബസിന്റെ അവസാന ട്രിപ്പ് ആയിരുന്നു ഇന്ന്. നാളെ ഈ ബസ് ആലുവ ഡിപ്പോയ്ക്ക് കൈമാറുന്നു. ചീഫ് ഓഫിസിൽ നിന്നുള്ള ഓർഡർ ഉണ്ട് എന്നുള്ള വിവരം എന്നെ വളരെ കാഷ്വലായി അറിയിക്കുമ്പോൾ അതിത്ര മാത്രം സങ്കടം ഉണ്ടാക്കുന്നതാണെന്ന് ആർക്ക് മനസിലാവാനാണ്?? ചങ്കായിരുന്നു RSC 140. സ്വന്തം നാട്ടിലൂടെ കടന്ന് പോകുന്ന ബസ്.. അടുത്ത സുഹൃത്തുക്കൾ, ബന്ധുക്കൾ, നാട്ടുകാർ ,പതിവ് യാത്രക്കാർ, വന്ന് പോകുന്നവർ, സൗഹൃദം അവശേഷിപ്പിച്ച് കടന്നു പോകുന്നവർ, ഇതേ വണ്ടി തേടിപ്പിടിച്ച് വരുന്നവർ, കാത്തിരുന്ന് കയറുന്നവർ, ഒറ്റ യാത്രയിൽ പ്രാരാബ്ധം തൊട്ട് സ്വപ്നങ്ങൾ വരെ പങ്കു വയ്ക്കുന്നവർ.. അങ്ങനെ എല്ലാവരോടും സൗഹൃദം പങ്കിടാനുള്ള, കുശലം ചോദിക്കാനുള്ള "ഇടം". അതാരുന്നു RSC 140. ഇനിയും അവരെല്ലാവരും അതുപോലെ ഉണ്ടാവാം.. ഞാനും.. പുതിയ ബസും... പക്ഷെRSC 140 എന്ന വികാരം ...അതിന് പകരം മറ്റൊന്നില്ല...
പുതിയ സാരഥികളും യാത്രക്കാരുമായ് യാത്ര തുടരൂ RSC 140.
വഴിയിൽ നമുക്ക് ഇനിയും കണ്ടു മുട്ടാം....
KSRTC അധികൃതർ ഇത് ഈരാറ്റുപേട്ടക്ക് തന്നെ തരുമെന്ന പ്രതീക്ഷയോടെ......
സമീർ ഈരാറ്റുപേട്ട