റിയാദ് - ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് മധ്യപൗരസ്ത്യദേശത്ത് ഗുരുതരമായ സ്ഥിതിവിശേഷമുണ്ടാക്കുമെന്ന് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മുന്നറിയിപ്പ് നൽകി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്‌റോണിനൊപ്പം പാരീസ് എലിസി കൊട്ടാരത്തിൽ സംയുക്ത പത്രസമ്മേളനത്തിൽ പങ്കെടുത്താണ് ഇറാൻ ആണവായുധ ശേഷി ആർജിക്കുന്നതിനെതിരെ കിരീടാവകാശി മുന്നറിയിപ്പ് നൽകിയത്. 1938 ലെ കരാർ ആവർത്തിക്കരുതെന്ന്, ഇറാൻ ആണവ കരാർ സൂചിപ്പിച്ച് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. രണ്ടാം ലോക മഹായുദ്ധത്തിന് കാരണമായത് 1938 ലെ കരാറായിരുന്നു. ഇറാൻ ആണവ പ്രശ്‌നത്തിൽ 2025 വരെ കാത്തിരിക്കുന്നത് പ്രശ്‌നങ്ങൾ സൃഷ്ടിക്കും. നിലവിലെ ആണവ കരാർ അതേപടി തുടരുന്ന പക്ഷം 2025 ൽ ദിവസങ്ങൾക്കുള്ളിൽ ആണവബോംബ് നിർമിക്കുന്നതിനുള്ള ശേഷി ഇറാൻ ആർജിക്കും. അതോടെ ഇറാൻ ആഗോള സമൂഹത്തെ മാനിക്കില്ല. ഇറാൻ ആണവ ബോംബ് നിർമിക്കുന്നതോടെ തൽസ്ഥിതി തുടരുന്നതിന് ലോകം നിർബന്ധിതമാകും. ഇപ്പോഴത്തെ സാഹചര്യത്തിൽ അണുബോംബ് നിർമിക്കുന്നതിന് ഇറാൻ ആഗ്രഹിക്കുന്ന പക്ഷം അവർക്ക് അതിന് ഒന്നോ രണ്ടോ വർഷം വേണ്ടിവരും. അണുബോംബ് നിർമിക്കുന്നതിന് ഇറാൻ നീക്കം നടത്തുന്ന പക്ഷം പല കാര്യങ്ങളും ചെയ്യുന്നതിന് ഇപ്പോൾ നമുക്ക് സാധിക്കും. എന്നാൽ 2025 ൽ ആണവ കരാർ കാലാവധി പൂർത്തിയാകുന്നതോടെ ഇതാകില്ല സ്ഥിതി. ദിവസങ്ങൾക്കുള്ളിൽ ആണവായുധം നിർമിക്കുന്നതിനുള്ള ശേഷി അന്ന് ഇറാനുണ്ടാകും. ഇത് ഗുരുതരമായ സ്ഥിതിവിശേഷമുണ്ടാക്കുകയും തങ്ങൾക്കു മുന്നിൽ ചോയ്‌സുകൾ ഇല്ലാതാക്കുകയും ചെയ്യും.
മധ്യപൗരസ്ത്യ ദേശത്ത് നശീകരണ പദ്ധതികളുണ്ട്. ഇതിൽ പ്രധാനം ഇറാന്റെ ഭീഷണിയാണ്. വിപുലീകരണ ആശയ സംഹിതയാണ് ഇറാൻ നടപ്പാക്കുന്നത്. ഹിസ്ബുല്ലക്കും ഹൂത്തി മിലീഷ്യകൾക്കും സാമ്പത്തിക സഹായം നൽകിയും അൽഖാഇദ നേതാക്കൾക്ക് അഭയം നൽകിയും ഭീകരതയെ ഇറാൻ പിന്തുണക്കുന്നു. രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടിയല്ല ഇറാൻ പണം പ്രയോജനപ്പെടുത്തുന്നത്. മറിച്ച്, തങ്ങളുടെ ആശയസംഹിത പ്രചരിപ്പിക്കുന്നതിനാണ്. തങ്ങളുടെ ശേഷിയുടെ പത്തു ശതമാനം മാത്രമാണ് സൗദി അറേബ്യ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ആഫ്രിക്കക്കും ഏഷ്യക്കും യൂറോപ്പിനും ഇടയിലെ കേന്ദ്ര പ്രദേശമായി മാറുന്നതിനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. സിറിയയിൽ ആവശ്യമെങ്കിൽ സഖ്യരാജ്യങ്ങളുമായി ചേർന്ന് ഏതു തരത്തിലുള്ള സൈനിക നടപടികൾക്കും സൗദി അറേബ്യ ഒരുക്കമാണെന്നും കിരീടാവകാശി പറഞ്ഞു.
ഇറാൻ പ്രശ്‌നത്തിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞ കാര്യങ്ങളെ താൻ പിന്തുണക്കുന്നതായി മാക്‌റോൺ പറഞ്ഞു. മിസൈൽ ഭീഷണി കൂടി ഉൾപ്പെടുത്തി ഇറാൻ ആണവ കരാർ പൂർത്തിയാക്കണമെന്ന് ഫ്രാൻസ് ആഗ്രഹിക്കുന്നു. സൗദി അറേബ്യക്കെതിരായ ഒരു ഭീഷണിയും ഫ്രാൻസ് അംഗീകരിക്കില്ല. ഹൂത്തി മിസൈൽ ഭീഷണി നേരിടുന്നതിന് സൗദി അറേബ്യയും ഫ്രാൻസും വിവരങ്ങൾ പങ്കുവെക്കും. മിസൈൽ ഭീഷണി നേരിടുന്നതിന് ഫ്രാൻസ് സൗദി അറേബ്യക്കൊപ്പം നിലയുറപ്പിക്കും. മേഖലയിൽ ഇറാന്റെ വിപുലീകരണ നയം ചെറുക്കണമെന്ന സൗദി അറേബ്യയുടെ നിലപാട് ഫ്രാൻസ് പങ്കുവെക്കുന്നതായും ഇമ്മാനുവൽ മാക്‌റോൺ പറഞ്ഞു.
അതിനിടെ, സൗദിയിൽ നിന്ന് യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ആദ്യമായി രജിസ്റ്റർ ചെയ്ത മദായിൻ സ്വാലിഹ് ഉൾപ്പെട്ട ചരിത്ര, പൈതൃക കേന്ദ്രമായ അൽഉലയുടെ സുസ്ഥിര വികസനത്തിന് ഫ്രാൻസുമായി കരാർ ഒപ്പുവെച്ചതായി അൽഉല റോയൽ കമ്മീഷൻ അറിയിച്ചു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്‌റോണിന്റെയും സാന്നിധ്യത്തിൽ അൽഉല റോയൽ കമ്മീഷൻ ഗവർണർ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാൻ രാജകുമാരനും ഫ്രഞ്ച് വിദേശ മന്ത്രി ജീൻ യീവ്‌സ് ലെ ഡ്രിയാനുമാണ് കരാറിൽ ഒപ്പുവെച്ചത്. അൽഉലയിലെ ചരിത്ര, പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണവും വികസനവും ലക്ഷ്യമിടുന്ന കരാറിലൂടെ വിനോദ സഞ്ചാര വികസനമാണ് ഉന്നമിടുന്നത്.
സൗദിയിൽ പ്രവർത്തിക്കുന്നതിന് നാലു ഫ്രഞ്ച് കമ്പനികൾക്ക് സൗദി അറേബ്യൻ ജനറൽ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (സാജിയ) ലൈസൻസുകൾ നൽകി. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഫ്രഞ്ച് സന്ദർശനത്തോടനുബന്ധിച്ച് പാരീസിൽ സംഘടിപ്പിച്ച സൗദി-ഫ്രഞ്ച് സി.ഇ.ഒ ഫോറത്തിലാണ് സേവന, പരിസ്ഥിതി, സാങ്കേതിക, ഗതാഗത മേഖലകളിൽ പ്രവർത്തിക്കുന്ന നാലു കമ്പനികൾക്ക് സാജിയ ലൈസൻസുകൾ നൽകിയത്. സൗദി-ഫ്രഞ്ച് സി.ഇ.ഒ ഫോറത്തിനിടെ സൗദി, ഫ്രഞ്ച് കമ്പനികൾ സംയുക്ത പദ്ധതികൾക്ക് ഇരുപതു ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. ഇരു രാജ്യങ്ങളിലെയും കമ്പനികൾ 1800 കോടിയിലേറെ ഡോളർ നിക്ഷേപമാണ് ഈ പദ്ധതികളിൽ നടത്തുക.