മലപ്പുറം- കോളേജില്‍ മോഷണം നടത്തിയതിന് അറസ്റ്റിലായ പ്രവര്‍ത്തകരെ പുറത്താക്കി എസ്.എഫ്.ഐ. മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട എസ്.എഫ്.ഐ പ്രവര്‍ത്തകരായ വിക്ടര്‍ ജോണ്‍സണ്‍, ആദര്‍ശ് രവി, നീരജ് ലാല്‍, അഭിഷേക് എന്നിവരെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കുന്നതായി എസ്.എഫ്.ഐ പ്രസ്താവനയില്‍ വ്യക്തമാക്കി.
മലപ്പുറം ഗവ. കോളേജില്‍നിന്ന് 11 ലക്ഷം രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ മോഷണം പോയ സംഭവത്തില്‍ എസ്.എഫ്.ഐ, കെ.എസ്.യു പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ഏഴ് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് അറസ്റ്റിലായ പ്രവര്‍ത്തകരെ പുറത്താക്കുന്നതായി എസ്.എഫ്.ഐ വ്യക്തമാക്കിയത്.
മൂന്നു ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നായി 11 ഇന്‍വര്‍ട്ടര്‍ ബാറ്ററികളും 2 പ്രൊജക്ടറുകളും മോഷണം പോയിരുന്നു. ഇസ്ലാമിക് ഹിസ്റ്ററി, ഉറുദു, കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റുകളിലായിരുന്നു മോഷണം. മോഷണം പോയ 11 ബാറ്ററികളില്‍ ആറെണ്ണം നിലവില്‍ പ്രവര്‍ത്തിക്കുന്നവയാണ്. അഞ്ചെണ്ണം ഉപയോഗശൂന്യമായവയാണ്. പ്രോജക്ടറുകളില്‍ ഒന്ന് കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റിലേതായിരുന്നു. തിങ്കളാഴ്ചയാണ് മോഷണം കോളേജ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മലപ്പുറം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മോഷ്ടിച്ച വസ്തുക്കള്‍ വ്യത്യസ്ത കടകളില്‍ കൊണ്ടുപോയി വിറ്റതായി പ്രതികള്‍ പൊലീസിനോട് പറഞ്ഞു.