കണ്ണൂര്‍- മട്ടന്നൂരില്‍ വീട്ടിനകത്തുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ അന്യസംസ്ഥാനക്കാരായ പിതാവും മകനും മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. അസം സ്വദേശി ഫസല്‍ ഹഖ് (48), മകന്‍ ഷഹീദുല്‍ (20) എന്നിവരാണ് മരിച്ചത്. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മട്ടന്നൂര്‍ പത്തൊന്‍പതാം മൈലിലെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. ആക്രി സാധനങ്ങള്‍ ശേഖരിച്ചു വില്‍പ്പന നടത്തുന്നവരാണ് കൊല്ലപ്പെട്ടത്. ഫസല്‍ ഹഖ്, സംഭവസ്ഥലത്തും, മകന്‍ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. ഉഗ്രശബ്ദത്തോടെയായിരുന്നു സ്‌ഫോടനം.
ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയിലാണ് സ്‌ഫോടനം ഉണ്ടായത്. ഇവര്‍ ശേഖരിച്ചിരുന്ന ആക്രി സാധനങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട ബോംബും ഉണ്ടായിരുന്നതായാണ് സംശയിക്കുന്നത്. അയല്‍വാസികളാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. സ്‌ഫോടനത്തില്‍ കെട്ടിടം ഭാഗികമായി തകര്‍ന്നു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു. സ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനക്കായി ശേഖരിച്ചു.
വര്‍ഷങ്ങള്‍ക്ക് മുമ്പ്, കണ്ണൂരില്‍ ആക്രി പെറുക്കുകയായിരുന്ന തമിഴ് ബാലന്റെ കൈപത്തി ബോംബു സ്‌ഫോടനത്തില്‍ തകര്‍ന്നിരുന്നു.